കാട്ടാനയുടെ കൊലപാതകം; എസ്റ്റേറ്റ് ഉടമയും മകനും ഒളിവിൽ; പ്രതികൾ മൃഗവേട്ട നടത്തിയതായി സൂചന

കാട്ടാനയുടെ കൊലപാതകം; എസ്റ്റേറ്റ് ഉടമയും മകനും ഒളിവിൽ; പ്രതികൾ മൃഗവേട്ട നടത്തിയതായി സൂചന



പാലക്കാട് മണ്ണാർക്കാട് കാട്ടാന കൊല്ലപ്പെട്ട സംഭവത്തിൽ എസ്റ്റേറ്റ് ഉടമ അബ്ദുൾ കരീമും മകൻ റിയാസുദ്ദീനും ഒളിവിൽ. കേസിൽ എസ്റ്റേറ്റ് തൊഴിലാളി വിൽസൺ അറസ്റ്റിലായതിന് പിന്നാലെയാണ് ഇരുവരും ഒളിവിൽ പോയത്. ഇവർ മറ്റ് മൃഗങ്ങളെ വേട്ടയാടിയതായുള്ള വിവരവും പുറത്തുവന്നു.

ആനയ്ക്ക് പരുക്കേറ്റത് മെയ് പന്ത്രണ്ടിനാണെന്ന് വിൽസൺ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം അബ്ദുൾ കരീമിനും മകനും അറിയാമായിരുന്നു. ഇരുവരേയും മൊബൈലിൽ ലഭ്യമാകാത്ത അവസ്ഥയാണുള്ളത്. ഇവരുടെ അറസ്റ്റ് വൈകീട്ടോടെ ഉണ്ടായേക്കുമെന്ന സൂചനയുണ്ട്.

അതേസമയം, കാട്ടനയ്ക്ക് പരുക്കേറ്റത് തേങ്ങയിൽവച്ച പന്നിപ്പടക്കം പൊട്ടിയാണെന്ന വിവരം പുറത്തുവന്നു. പൈനാപ്പിളിൽ വച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് ആനക്ക് പരുക്കേറ്റതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പന്നിയെ കൊല്ലാൻ തേങ്ങയിൽ വച്ച പന്നിപ്പടക്കം അബദ്ധത്തിൽ കടിച്ചാണ് ആനയ്ക്ക് പരുക്കേറ്റത്. അമ്പലപ്പാറ എസ്റ്റേറ്റിൽ പന്നിയെ കൊല്ലുന്നതിനായി തേങ്ങയിൽ പടക്കംവയ്ക്കുന്നത് സ്ഥിര സംഭവമാണെന്ന് പൊലീസ് പറഞ്ഞിരുന്നു. തേങ്ങ രണ്ടായി പകുത്ത് അതിൽ പന്നിപ്പടക്കം വച്ചാണ് നൽകിയിരുന്നത്. പടക്കം പൊട്ടി ചാവുന്ന പന്നിയുടെ ഇറച്ചി ഇവർ വിൽപന നടത്തിയിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്.