പാക്ക് ക്രിക്കറ്റ് താരം അഫ്രീദിക്ക് കോവിഡ്

പാക്ക് ക്രിക്കറ്റ് താരം അഫ്രീദിക്ക് കോവിഡ്



ഇസ്‍ലാമാബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിൽ അഫ്രീദി തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം പുറത്തുവിട്ടത്. പാക്കിസ്ഥാനിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ പ്രതിസന്ധിയിലായ ആളുകൾക്ക് സഹായമെത്തിച്ച് അഫ്രീദിയും അദ്ദേഹത്തിന്റെ പേരിലുള്ള ഷാഹിദ് അഫ്രീദി ഫൗണ്ടേഷനും സജീവമായിരുന്നു. ഇതിനിടെയാണ് താരത്തിന് കോവി‍ഡ് സ്ഥിരീകരിച്ചത്.

‘വ്യാഴാഴ്ച മുതൽ എനിക്ക് നല്ല സുഖമില്ലായിരുന്നു. ശരീരത്തിന് നല്ല വേദനയുണ്ടായിരുന്നു. തുടർന്ന് ഞാൻ പരിശോധനയ്ക്ക് വിധേയനായി. നിർഭാഗ്യവശാൽ കോവിഡ് 19 സ്ഥിരീകരിച്ചു. ഏറ്റവും വേഗത്തിൽ രോഗമുക്തി നേടുന്നതിന് എല്ലാവരും പ്രാർഥിക്കണം. ഇൻഷാ അള്ളാ.. #COVID19 #pandemic #hopenotout #staysafe #stayhome എന്നീ ഹാഷ്ടാഗുകൾ സഹിതം അഫ്രീദി കുറിച്ചു.


പാക്കിസ്ഥാനിൽ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് നാൽപ്പതുകാരനായ അഫ്രീദി. മുൻപ് തൗഫീഖ് ഉമർ, സഫർ സർഫറാസ് എന്നിവർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. സ്കോട്‌ലൻഡിന്റെ മജീദ് ഹഖ്, ദക്ഷിണാഫ്രിക്കൻ താരം സോളോ എൻഖ്വേനി എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ച മറ്റ് ക്രിക്കറ്റ് താരങ്ങൾ.

∙ കോവിഡ് സഹായവും വിവാദവും

കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ പാക്കിസ്ഥാനിൽ സാധാരണക്കാർക്ക് സഹായമെത്തിക്കുന്നതിനായി സജീവ പ്രവർത്തനങ്ങളിലായിരുന്നു അഫ്രീദിയും അദ്ദേഹത്തിന്റെ ഫൗണ്ടേഷനും. അഫ്രീദിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിങ്ങും യുവരാജ് സിങ്ങും പുലിവാലു പിടിച്ച് അധികം ദിവസങ്ങളായിട്ടില്ല. ഇന്ത്യാ വിരുദ്ധ നിലപാടുകൾക്ക് കുപ്രസിദ്ധനായ അഫ്രീദിയെ സഹായിച്ചത് ആരാധകരുടെ രോഷത്തിന് കാരണമായെങ്കിലും മനുഷ്യരാഷിയാണ് വലുതെന്ന് ചൂണ്ടിക്കാട്ടി ഇരുവരും ന്യായീകരണവുമായി രംഗത്തെത്തിയിരുന്നു.

എന്നാൽ, ഇതിനു പിന്നാലെ പാക്ക് അധീന കശ്മീരിൽ വന്ന ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അഫ്രീദി നടത്തിയ വിദ്വേഷ പ്രസംഗം വിവാദമായി. കൊറോണ വൈറസിനേക്കാൾ വലിയ രോഗമാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നുൾപ്പെടെ കടുത്ത ഭാഷയിൽ അഫ്രീദി നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. ഇതോടെ അഫ്രീദിയെ സഹായിക്കുകയും കൂടുതൽ സഹായങ്ങൾക്ക് ആഹ്വാനം നൽകുകയും ചെയ്ത യുവരാജും ഹർഭജനും പ്രതിസന്ധിയിലായി. തുടർന്ന് ഇരുവരും അഫ്രീദിയെ തള്ളിപ്പറഞ്ഞിരുന്നു. അഫ്രീദിയുമായി ഇനിമുതൽ യാതൊരുവിധ സഹകരണത്തിനുമില്ലെന്ന് ഇരുവരും അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. ലോക്സഭാ എംപി കൂടിയായ മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, ശിഖർ ധവാൻ തുടങ്ങിയവരും അഫ്രീദിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.