വ്യാപാരികളുടെ ശ്രദ്ധയ്ക്ക്, പട്ടാള ഉദ്യോഗസ്ഥനെന്ന പേരിൽ കടയിൽ നിന്ന് സാധനങ്ങൾ ഓർഡർ ചെയ്ത് ഓൺലൈൻ പേയ്മെന്റ് നടത്താമെന്നു പറഞ്ഞ് വിളിക്കുന്നവരെ സൂക്ഷിക്കുക. കോഴിക്കോട് നഗരത്തിലെ വിവിധ കടകളിൽ ‘പട്ടാള ഉദ്യോഗസ്ഥന്മാർ’ ഒരാഴ്ചയായി ഓൺലൈന്‍ തട്ടിപ്പിനുള്ള ശ്രമം തുടരുകയാണ്. ഇരുപതിനായിരത്തിലേറെ രൂപ നഷ്ടപ്പെട്ടതായി പൊലീസിനു പരാതി ലഭിച്ചു. സമാന രീതിയിൽ മാസങ്ങൾക് മുമ്പ് കാഞ്ഞങ്ങാട് കൂളിക്കാട് സെറാമിക്‌സിലും തട്ടിപ്പിനുള്ള ശ്രമം നടന്നിരുന്നുവെങ്കിലും ഉടമയുടെ ദീർഘവീക്ഷണം കൊണ്ട് പണം നഷ്ടപ്പെട്ടില്ല.
തട്ടിപ്പു ശ്രമം നടന്നെങ്കിലും പണം പോകാതെ രക്ഷപ്പെട്ട ഒട്ടേറെ വ്യാപാരികളുണ്ട്. പണം പോയിട്ടും പരാതി നൽകാത്തവരുമുണ്ട്. മിലിട്ടറി ബാരക്കിലേക്കും കന്റീനിലേക്കും സാധനങ്ങൾ വേണമെന്നാവശ്യപ്പെട്ടാണ് ഫോൺ കോളുകൾ എത്തുന്നത്. വിളിക്കുന്നയാളുടെ ആധാർ കാർഡും മിലിട്ടറി കന്റീൻ ഐഡിയും അയച്ചുകൊടുത്ത് വിശ്വാസമുണ്ടാക്കിയ ശേഷമാണ് തട്ടിപ്പ്.
നടക്കാവിലെ മെഡിക്കൽ ഷോപ്പിൽ സാനിറ്റൈസർ ഓർഡർ ചെയ്ത് ഒൻപതിനായിരം രൂപയാണ് ഓൺലൈനിൽ തട്ടിയത്. ആർമി ഉദ്യോഗസ്ഥൻ വികാസ് പട്ടേലെന്ന പേരിൽ ഐഡി പ്രൂഫുകൾ അയച്ചുകൊടുത്തായിരുന്നു തട്ടിപ്പ്. നഗരത്തിലെ കാർ ആക്സസറീസ് ഷോപ്പിൽ കാറിന്റെ ബോഡി കവർ വേണമെന്ന് പറഞ്ഞ് പതിനായിരം രൂപയും തട്ടി.
മിലിട്ടറി ബാരക്കിലെ ക്യാപ്റ്റൻ രൺബീർ സിങ്ങെന്ന പേരിലായിരുന്നു ഇവിടെ തട്ടിപ്പ്. പുതിയങ്ങാടിയിലെ ചിക്കൻ വ്യാപാരിയോട് മിലിട്ടറി കന്റീനിലേക്ക് 2000 രൂപയുടെ ചിക്കൻ വേണമെന്ന് പറഞ്ഞ് ‘വികാസ് പട്ടേൽ’ വിളിച്ചു. പേയ്മെന്റിന്റെ അവസാനഘട്ടം വരെയെത്തിയെങ്കിലും എന്തോ സംശയം തോന്നിയതിനാൽ കാശ് പോകാതെ രക്ഷപ്പെട്ടു.
ലോക്ഡൗണിലെ നഷ്ടം നികത്താൻ എങ്ങനെയെങ്കിലും കച്ചവടം നടന്നാൽ മതിയെന്നു ചിന്തിക്കുന്ന വ്യാപാരികൾ ഇത്തരം തട്ടിപ്പുകളിൽ വീഴാൻ സാധ്യതയേറെയാണ്. തട്ടിപ്പുകാർ മുതലാക്കുന്നതും ഈ അവസരം തന്നെ. മാസങ്ങൾക്ക് മുൻപ് നഗരത്തിൽ ഇത്തരം പരാതികൾ വ്യാപകമായപ്പോൾ പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയും പട്ടാളത്തിനു പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെ പ്രതികളെ പിടികൂടാനോ തുമ്പുണ്ടാക്കാനോ സാധിച്ചില്ല.
പൊലീസ് പറയുന്നു
ഉത്തരേന്ത്യ കേന്ദ്രീകരിച്ച വലിയ സംഘമാണ് ഇതിനു പിന്നിൽ. ഓരോ തട്ടിപ്പിനായും വ്യത്യസ്തമായ ഫോൺ നമ്പരുകൾ ഉപയോഗിക്കും. നേരിട്ടു പരിചയമില്ലാത്തവർ ഫോൺ വഴി സാധനങ്ങൾ ഓർഡർ ചെയ്ത് ഓൺലൈനിൽ പേയ്മെന്റ് നടത്താമെന്നു പറയുമ്പോൾ സൂക്ഷിക്കുക. എടിഎം കാർഡ് വിവരങ്ങൾ, പിൻ, ഫോണിലേക്ക് വരുന്ന ഒടിപി എന്നിവ ഒരു കാരണവശാലും ആർക്കും പറഞ്ഞുകൊടുക്കാതിരിക്കുക. കാർഡ് ടു കാർഡ് ട്രാൻസ്ഫർ പ്രോത്സാഹിപ്പിക്കാതിരിക്കുക. ഗൂഗിൾ പേയിലും മറ്റും പണം ലഭിക്കാനായി ക്യൂആർ കോഡ് സ്കാൻ ചെയ്യുന്ന രീതി അവലംബിക്കാതിരിക്കുക.
തട്ടിപ്പിന്റെ രീതി
∙ കടയിലേക്ക് വിളിച്ച് വലിയ അളവിൽ സാധനങ്ങൾ ഓർഡർ ചെയ്യുന്നു. പട്ടാള ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തും.
∙ ഓൺലൈൻ വഴി പണം നൽകാമെന്നും അതിനു ശേഷം മാത്രം സാധനങ്ങൾ നൽകിയാൽ മതിയെന്നും പറയും. എടിഎം കാർഡ് വിവരങ്ങൾ ചോദിക്കും.
∙ അൽപസമയം കഴിഞ്ഞ് ഫോണിലേക്ക് ഒടിപി എത്തും. ഒടിപി പറഞ്ഞുകൊടുത്താൽ പണം കടയുടമയുടെ അക്കൗണ്ടിൽ നിന്നു പോകും.
∙ ഒടിപി പറഞ്ഞുകൊടുക്കാതെ സംശയം തോന്നി തിരികെ വിളിച്ചാൽ വിശ്വാസ്യതയ്ക്കായി ഐഡി പ്രൂഫ് വിവരങ്ങൾ നൽകും.
∙ തുടർന്ന് ഗൂഗിൾ പേ, പേയ്ടിഎം, മൊബിക്വിക് പോലുള്ള യുപിഐ ആപ്ലിക്കേഷനുകൾ വഴി പണമടയ്ക്കാൻ പറയും.
∙ ആപ്ലിക്കേഷനുകളിലേക്ക് ക്യൂആർ കോഡോ ഒടിപിയോ എത്തും. ക്യൂആർ കോഡ് സ്കാൻ ചെയ്താലോ ഒടിപി പറഞ്ഞുകൊടുത്താലോ കടയുടമയുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകും.