കണ്ണൂരിനെ നടുക്കി വീണ്ടും കൊവിഡ് മരണം. എക്‌സൈസ് ഉദ്യോഗസ്ഥനായ പടിയൂർ സ്വദേശി കെപി. സുനിൽ ആണ് മരിച്ചത്. 28 വയസായിരുന്നു. എവിടെ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
മട്ടന്നൂർ റേഞ്ച് ഓഫിസിലെ എക്‌സൈസ് ഉദ്യോഗസ്ഥനാണ് മരിച്ച വ്യക്തി. എക്‌സൈസ് വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലെ പ്രതിയുമായി ജൂൺ മൂന്നാം തിയതി ഇദ്ദേഹം ജില്ലാ ആശുപത്രിയിൽ പോയിരുന്നു. ഇവിടെ അന്നേ ദിവസം മറ്റൊരു വ്യക്തി കൊവിഡ് ടെസ്റ്റിനായി വന്നിരുന്നു. ഇവിടെ നിന്നാകാം ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്നാണ് സൂചന. തുടർന്ന് 12 ആം തിയതിയാണ് ഇദ്ദേഹത്തിന് പനി അനുഭവപ്പെടുന്നത്. ജൂൺ 14-ാം തിയതി ഇരിക്കൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും പിന്നീട് പരിയാരം മെഡക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. കടുത്ത ന്യുമോണിയയാണ് ഇദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചത്. മറ്റ് ശാരീരികാസ്വാസ്ഥ്യങ്ങളോ രോഗങ്ങളോ ഉണ്ടായിരുന്നില്ല .
ബസ് ഡ്രൈവറായും ലോറി ഡ്രൈവറായുമെല്ലാം ജോലി നോക്കിയിരുന്ന ഇദ്ദേഹം കഴിഞ്ഞ വർഷം നവംബർ 12നാണ് എക്‌സൈസ് വകുപ്പിൽ ജോലി നേടുന്നത്.
ഇതോടെ കണ്ണൂരിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. എക്‌സൈസ് ഓഫിസർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മട്ടന്നൂർ റേഞ്ച് ഓഫിസിലെ എല്ലാ ഉദ്യോഗസ്ഥരോടും നിരീക്ഷണത്തിൽ പോകാൻ ഉത്തരവിട്ടിട്ടുണ്ട്.