നന്മകൾ കൊണ്ട് സമ്പന്നമാക്കിയ ആ നക്ഷത്ര ശോഭ അസ്തമിച്ചു- മെട്രോ മുഹമ്മദ് ഹാജിയെ കുറിച്ച് ബഷീർ ചിത്താരിയുടെ അനുസ്മരണം

നന്മകൾ കൊണ്ട് സമ്പന്നമാക്കിയ ആ നക്ഷത്ര ശോഭ അസ്തമിച്ചു- മെട്രോ മുഹമ്മദ് ഹാജിയെ കുറിച്ച് ബഷീർ ചിത്താരിയുടെ അനുസ്മരണം

വേദനാ ജനകമായ ആ വാർത്ത അറിഞ്ഞപ്പോൾ വിവരണാതീതമായ നൊമ്പരമാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഏതാനും ദിവസങ്ങളായി ശുഭകരമല്ലാത്ത വിവരങ്ങളാണ് കേട്ട് കൊണ്ടിരുന്നതെങ്കിലും ഒന്നും സംഭവിക്കില്ല എന്ന് മനസ്സിന്റെ ഏതോ കോണിൽ നിന്നും വിളിച്ചു പറയുന്നത് പോലെ. ഏത് നന്മ മരവും മനുഷ്യനായാൽ ഒരു ദിനം യാത്ര പോവേണ്ടി വരും എന്ന ദുഃഖ സത്യം പുലർന്നിരിക്കുന്നു. നമ്മുടെ നാടിനെ നന്മ കൊണ്ട് സമ്പന്നമാക്കിയ ആ നക്ഷത്ര ശോഭ അസ്തമിച്ചിരിക്കുന്നു. പുഞ്ചിരി കൊണ്ട് പ്രകാശം പരത്തിയ മെട്രോ മുഹമ്മദ്‌ ഹാജി പരലോകം പ്രാപിച്ചിരിക്കുന്നു. ശുഭ്ര വസ്ത്ര ധാരിയായ അത് പോലെ നൈർമല്ല്യമായ സ്വഭാവ വിശേഷം കൊണ്ട് സുഗന്ധം പടർത്തിയ ആ മുല്ലപ്പൂ അടർന്നു വീണിരിക്കുന്നു.
മെട്രോ മുഹമ്മദ്‌ ഹാജി ഇല്ലാത്ത കാസർഗോഡ് അല്ലെങ്കിൽ കാഞ്ഞങ്ങാട് സങ്കല്പിക്കാൻ പറ്റാത്ത ഒരു ഭാവനയായിരിക്കുന്നു.
കാരുണ്ണ്യ പ്രവർത്തനത്തിന് അദ്ദേഹം ആവിഷ്കരിച്ച മഹനീയ പാത വേറിട്ടു നിൽക്കുന്ന ഒരു രീതിയായിരുന്നു. ആളുകളുടെ മനസ്സും ആവശ്യവും കൃത്യമായി മനസ്സിലാക്കി ആവശ്യക്കാരന്റെ ആവശ്യം പൂർണമായും തീരുന്നതു വരെ ആ കൈ നീളുമായിരുന്നു. അതും തന്റെ സഹായ ഹസ്തം മറ്റൊരാളെ പരമാവധി അറിയിക്കാതെ രഹസ്യമായി  ചെയ്തു പരലോക നേട്ടം മാത്രം കാംക്ഷിച്ചു ചെയ്യുന്ന കർമ യോഗിയായിരുന്നു മെട്രോ സാഹിബ്‌. എത്ര എത്ര പുണ്ണ്യ കർമങ്ങളുടെ കർത്താവായിരുന്നു നമ്മുടെ നാടിന്റെ അഭിമാനമായിരുന്ന മെട്രോ ഹാജി സാഹിബ്‌.
അദ്ദേഹം വഹിച്ച സ്ഥാനമാനങ്ങൾ നിരവധിയാണ്. താൻ അലങ്കരിച്ച പദവികളിൽ ആത്മാർത്ഥമായും നീതിയും സമർപ്പണവും അർപ്പിച്ചു കൊണ്ട് എല്ലാവരെയും യോജിപ്പിച്ചു കൊണ്ട് പോവുക അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു.
നമ്മുടെ നാടിന്റെ എല്ലാവിധ പ്രതിസന്ധികളിലും കാറ്റും കോളും നിറഞ്ഞ ഏത് അവസ്ഥയിലും തന്റെ കർമ കുശലത കൊണ്ട് നാടിനെ നല്ല നിലയിൽ നയിച്ച മികവുറ്റ കപ്പിത്താനായിരുന്നു മെട്രോ മുഹമ്മദ്‌ ഹാജി സാഹിബ്. ഏത് വിഷമ സന്ധികൾ ഉണ്ടായാലും അദ്ദേഹത്തിന്റെ നിലാ വെളിച്ചം പോലുള്ള ആ പുഞ്ചിരി തൂകുന്ന സന്നിധിയിൽ എത്തിയാൽ മാഞ്ഞു പോകുന്ന അനുഭവങ്ങൾ നിരവധിയാണ്.
ചെറുപ്പം തൊട്ടേ ആരോഗ്യ കാര്യത്തിൽ നിഷ്ഠ പുലർത്തിയിരുന്നങ്കിലും അടുത്ത കാലങ്ങളിൽ മറ്റുള്ളവരുടെ ക്ഷേമവും മറ്റ് കാരുണ്ണ്യ സേവനത്തിലും മുഴുകിയപ്പോൾ തന്റെ ആരോഗ്യ കാര്യങ്ങൾ തികച്ചും വിസ്മരിച്ചതു കൊണ്ടുമാകാം ഒരു വേള ഇത്ര പെട്ടന്ന് പരലോകം പുൽകാൻ കാരണമായത് എന്ന് പോലും ചിന്തിച്ചു പോകുന്നു. ആഴ്ച്ചകൾക്ക് മുമ്പ് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പൂർണ ആരോഗ്യം നേടി തിരിച്ചു വരുമെന്ന പ്രതീക്ഷക്ക് ഭംഗം വരുത്തി അദ്ദേഹം ശാശ്വത ലോകത്തേക്ക് യാത്ര ആവുകയായിരുന്നു. ചിത്താരിക്ക് അതിന്റെ നായകൻ നഷ്ടമായിരിക്കുന്നു. ഇത് പോലുള്ള ഒരു നന്മ മരം നൂറ്റാണ്ടിൽ മാത്രം ഉണ്ടാകുന്ന മഹാ ഭാഗ്യമാണ്. കാസർഗോഡ് ജില്ല കേഴുകയാണ്,
ഞങ്ങളുടെ ആവേശവും  നിഷ്‌കളങ്കതയും നിസ്വാര്‍ത്ഥതയും വിശ്വസ്തതയും കൈമുതലാക്കിയ മഹാ മാനുഷി.  വിശിഷ്യ ചിത്താരിക്കാരുടെ മനസ്സ് എരിയുകയാണ്, നീറുകയാണ് !
വർഷങ്ങളോളം നന്മയും സ്‌നേഹവും സാന്ത്വനവും വെറുംവാക്കുകളല്ലെന്ന് പ്രവര്‍ത്തനങ്ങളിലൂടെ കാണിച്ചു തന്ന്  കൊണ്ട് നാടിന്റെ വിളക്കായി പ്രശോഭിച്ച മെട്രോ മുഹമ്മദ്‌ ഹാജിക്ക് വേണ്ടി ഇനി പ്രാർത്ഥനകൾ മാത്രം.

  ബഷീർ ചിത്താരി