ന്യൂഡല്‍ഹി: ലോകവ്യാപകമായി കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊറോണ വൈറസിനെ തുരത്താനുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് വിവിധരാജ്യങ്ങള്‍. ഇതിനിടെ വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി പല രാജ്യങ്ങളും മുന്നോട്ടുവന്നിട്ടുമുണ്ട്. എന്നാല്‍ പ്രതിരോധ വാക്‌സിന്‍ ഉണ്ടാക്കാന്‍ ഇന്ത്യയ്ക്ക് എളുപ്പത്തില്‍ സാധിക്കുമെന്നാണ് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സിന്റെ വാദം. ഡിസ്‌കവറി പ്ലസ് സംപ്രേഷണം ചെയ്ത കൊവിഡിനെ നേരിടുന്നതിന് ഇന്ത്യ നടത്തുന്ന പോരാട്ടത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യക്കു മാത്രമല്ല, ലോകത്തിനു മുഴുവനും ആവശ്യമുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉണ്ടാക്കാന്‍ ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് കഴിയും. ഇന്ത്യയില്‍ ഒട്ടേറെ പ്രധാനപ്പെട്ട കാര്യങ്ങള്‍ നടന്നിട്ടുണ്ട്. കൊറോണ വൈറസിനെ നേരിടുന്നതിനുള്ള വാക്‌സിന്‍ കണ്ടുപിടിക്കുന്നതില്‍ ഇന്ത്യന്‍ ഫാര്‍മ വ്യവസായം സഹായകരമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ട്രസ്റ്റിയും സഹാധ്യക്ഷനുമായ ഗേറ്റ്‌സ് പറഞ്ഞു. വലിയ രാജ്യമാണെന്നതാണ് ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.