അടുത്ത വർഷം മാത്രമേ കൊവിഡ് വാക്‌സിൻ ലഭ്യമാകുവെന്ന് വിദഗ്ധർ

അടുത്ത വർഷം മാത്രമേ കൊവിഡ് വാക്‌സിൻ ലഭ്യമാകുവെന്ന് വിദഗ്ധർ


അടുത്ത വർഷത്തിന്റെ ആരംഭത്തിൽ മാത്രമേ രാജ്യത്ത് കൊവിഡ് വാക്‌സിൻ ലഭ്യമാകൂവെന്ന് വിദഗ്ധർ. കൊവിഡ് വാക്‌സിൽ അടുത്ത വർഷമേ ലഭ്യമാകുവെന്ന് സംഘം പാർലമെന്ററി സമിതിയെ അറിയിച്ചു. ഐസിഎംആർ നേരത്തെ കൊവിഡ് വാക്‌സിൻ ആഗസ്റ്റ് 15 മുൻപ് പുറത്തിറക്കണമെന്ന് നിർദേശം നൽകിയിരുന്നു.

ശാസ്ത്ര സാങ്കേതിക വകുപ്പ്, ബയോടെക്‌നോളജി വകുപ്പ്, ഐസിഎംആർ എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ, കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ് എന്നിവരടങ്ങുന്ന സംഘമാണ് പാർലമെന്ററി സമിതിയെ ഇക്കാര്യം അറിയിച്ചത്. നല്ല രീതിയിൽ തന്നെയാണ് വാക്‌സിൻ ഗവേഷണം പുരോഗമിക്കുന്നത്. മെഡിക്കൽ ഉപകരണങ്ങൾ കുറഞ്ഞ ചെലവിൽ നിർമിക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് സംഘം അറിയിച്ചു. ഐസിഎംആറിന്റെ നിർദേശത്തെ കുറിച്ച് വിദഗ്ധ സംഘത്തിൽ നിന്ന് പരമാർശം ഒന്നും ഉണ്ടായില്ലെന്നാണ് വിവരം. സമിതി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും കേന്ദ്ര സർക്കാരിന്റെ ഭാവി പരിപാടികളും ചർച്ച ചെയ്തു.

കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ നേതൃത്വത്തിലാണ് പാർലമെന്ററി സമിതി യോഗം ചേർന്നത്. ആറ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് പാർലമെന്ററി സമിതി യോഗം ചേരുന്നത്. അടുത്ത യോഗം വെർച്വലായി നടത്തണമെന്നും കൂടുതൽ അംഗങ്ങൾക്ക് പങ്കെടുക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു. അതേസമയം രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം എട്ട് ലക്ഷം കടന്നിരിക്കുകയാണ്.