കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടബലാത്സംഗത്തിനിരയാക്കിയ പതിനാലുകാരി ഒന്നരമാസം ഗർഭിണി. ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഏലൂർ മഞ്ഞുമ്മലിൽ മാർച്ച് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ഞുമ്മലിലെ ബന്ധു വീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളായ പ്രതികൾ താമസിച്ചിരുന്നത് ഈ വീടിന് സമീപമായിരുന്നു. പെൺകുട്ടിയുമായി പരിചയത്തിലായ ശേഷം പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്.
വിഷാദ രോഗത്തിനുള്ള ചികിത്സയുടെ ഭാഗമായി ഡോക്ടർ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വ്യക്തമായത്.സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാഹിദ്, ഫർഷാദ് ഖാൻ, ഹനീഫ് ഷാ എന്നിവരാണ് പിടിയിലായത്. കേസിലെ മറ്റ് മൂന്ന് പ്രതികൾ സംസ്ഥാനം വിട്ടതായാണ് വിവരം. ഇവർക്കുവേണ്ടിയുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. എറണാകുളം അസി. കമ്മീഷണർ ലാൽജിയുടെ നേതൃത്വത്തിൽ 10 അംഗ സംഘമായിരിക്കും കേസ് അന്വേഷിക്കുക.