കാഞ്ഞങ്ങാട് ടൗണിൽ എല്ലായിടത്തും നോ പാര്‍ക്കിംഗ്, ദുരിതത്തിലായി കാഞ്ഞങ്ങാട്ടെ വ്യാപാരികള്‍
Thursday, August 27, 2020
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ എല്ലായിടത്തും നോ പാര്‍ക്കിംഗ് ആക്കിയുള്ള നഗരസഭയുടെയും പൊലിസിന്റെ പരിഷ്‌കരണം നഗര ത്തെ ദുരിതത്തിലാക്കി. റോഡിന്റെ ഇരുവശങ്ങളിലും താല്‍ക്കാലികമായി നിര്‍ത്തുന്ന പാര്‍ക്കിംഗ് പോലും നാട കെട്ടി ഇല്ലാതാക്കുന്ന രീതിയിലുള്ള പരിഷ്‌കരണമാണ് നടപിലാക്കിയിരിക്കുന്നത്. ഇതോടെ വ്യാപാരികളും ഓണ സമയത്ത് നഗരത്തില്‍ സാധനം വാങ്ങാന്‍ എത്തുന്ന ഉപഭോക്താക്കളും അടക്കം ദുരിതത്തിലാണ്. നഗരത്തില്‍ എത്തുന്നവര്‍ക്ക് പഴയ അരിമല ആസ്പത്രിക്ക് അരികിലും കല്ലട്ര കോംപ്ലക്‌സിലുമാണ് പാര്‍ക്കിംഗ് സൗകര്യ മൊരുക്കിയിരിക്കുന്നത്. ഇതില്‍ തന്നെ കല്ലട്ര കോംപ്ലക്‌സില്‍ പേ പാര്‍ക്കിംഗാണ്. കാസര്‍കോട് നഗരത്തിലും മറ്റ് സമീപ പഞ്ചായത്തുകളിലും ഇത്തരത്തിലുള്ള പാര്‍ക്കിംഗ് പ്രശ്‌നങ്ങളില്ല. ലോക്ക് ഡൗണ്‍ കാരണം ദുരിതത്തിലായി ഒന്ന് ഇളവുകളില്‍ പച്ച പിടിപ്പിക്കാന്‍ നോക്കുമ്പോഴാണ് ഇത്തരത്തില്‍ വീണ്ടും നഗരത്തില്‍ എല്ലായിടത്തും നോ പാര്‍ക്കിംഗ് നടപിലാക്കി നഗരത്തിലെ വ്യാപാരികളെ അടക്കം അധികൃതര്‍ ദുരിതത്തിലാക്കുന്നത്.