കാഞ്ഞങ്ങാട്: ഒഴിഞ്ഞവളപ്പില്‍ സി പി എം കോണ്‍ഗ്രസ് സംഘര്‍ഷം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് ബുള്ളറ്റിന് തീയിട്ടു. തിരു വോണ രാത്രി എട്ട് മണിയോടെ ഒഴിഞ്ഞവളപ്പില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ശുഹൈബ് സ്മാരക ബസ് ഷെല്‍ട്ടര്‍ തകര്‍ക്കുകയും കോണ്‍ഗ്രസ്സിന്റെ കൊടിമരങ്ങള്‍ നിശിപ്പിക്കുകയും ചെയ്തു. ഇത് ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് കലാശിച്ചു . സംഭവത്തില്‍ സി പി എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറി ഒഴിഞ്ഞവളപ്പിലെ അഖില്‍ (26), യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ടി കെ മുനീര്‍ (32) , ഒ വി ബിജു (38) എന്നിവര്‍ക്ക് പരിക്കേറ്റു. ബിജുവിന്റെ ഒന്നര പവന്‍ മാല നഷ്ടപ്പെട്ടതായും പരാതിയുണ്ട്. രാത്രി രണ്ട് മണിയോടെ
ഒഴിഞ്ഞവളപ്പിലെ ബിജുവിന്റെ ബന്ധു സി പി എം പ്രവര്‍ത്തകന്‍ കളത്തില്‍ അമ്പാടിയുടെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട ബിജുവിന്റെ ബുള്ളറ്റ് അഗ്‌നിക്ക് ഇരയാക്കി. അമ്പാടിയുടെ വീട്ടില്‍ കാറടക്കം മറ്റു വാഹനങ്ങള്‍ക്കിടയില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് തള്ളിമാറ്റി പറമ്പിലെത്തിച്ചാണ് തീ വെച്ചത് . ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാരാണ് തീയണച്ചത്. ഹോസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചു. ഒഴിഞ്ഞവളപ്പിലെ ബി ജെ പിയുടെ കെടിമരവും തകര്‍ത്തിട്ടുണ്ട്