തിങ്കളാഴ്‌ച, സെപ്റ്റംബർ 07, 2020

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ എം.സി കമറുദ്ദീൻ എംഎൽഎയോട് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടുക്കുകയും കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് രാജിക്ക് സമ്മര്‍ദ്ദം ഏറിയത്.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് ടി. ഇ.അബ്ദുള്ള, മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുന്‍ മന്ത്രിയുമായ സി ടി അഹമ്മദലി എന്നിവരുടെ പേരുകളാണ് പുതിയ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിക്കുന്നത്. മുന്‍ എംഎല്‍എ പി ബി അബ്ദുല്‍ റസാഖ് അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയി കമറുദ്ദീനെ തിരഞ്ഞെടുക്കപ്പെട്ടത്. അതോടെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച കമറുദ്ദീന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ആയി തുടരുകയായിരുന്നു.

800 ഓളം നിക്ഷേപകരിൽ നിന്നായി 132 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്. 2003ലാണ് ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന പേരിൽ ചെറുവത്തൂരിൽ എം സി കമറുദ്ദീൻ ചെയർമാനും ടി കെ പൂക്കോയ തങ്ങൾ എംഡിയുമായി ജ്വല്ലറി തുടങ്ങിയത്. ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗമാണ് പൂക്കോയ തങ്ങൾ. പിന്നീട് ഫാഷൻ ഗോൾഡ് ഇന്റർ നാഷണൽ, ഖമർ ഫാഷൻ ഗോൾഡ്, ഫാഷൻ ഗോൾഡ് ഓർണമെന്റ്, നുജൂം ഗോൾഡ് എന്നീ കമ്പനികളായി രജിസ്റ്റാർ ഓഫ് കമ്പനീസ് (ആർഒസി)) മുമ്പാകെ രജിസ്റ്റർ ചെയ്തു.

ഓരോ വർഷവും ജ്വല്ലറിയിലെ വിറ്റുവരവും ആസ്തിയുടെ വിവരങ്ങളും മറ്റും ആർഒസിയിൽ സമർപ്പിക്കണം. എന്നാൽ 2017 മുതൽ ഒരു വിവരവും ഫയൽ ചെയ്തിട്ടില്ല. പണം നൽകിയ ചിലർക്ക് കമ്പനികളുടെ പേരിലും സ്വന്തം പേരിലും കരാർ പത്രവും ചെക്കും നൽകിയിട്ടുണ്ട്. നിക്ഷേപം സ്വീകരിക്കുമ്പോൾ ആർഒസിയുടെ അനുമതി വാങ്ങണമെന്ന നിബന്ധനയും പാലിച്ചിരുന്നില്ല.