തിങ്കളാഴ്‌ച, സെപ്റ്റംബർ 07, 2020
വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കായി കോണ്‍ഗ്രസ് രൂപംകൊടുത്ത സമിതികളിൽ നിന്ന് നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ചവരെ ഒഴിവാക്കി. നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍ ഉള്‍പ്പെട്ട ജിതിന്‍ പ്രസാദിനേയും രാജ് ബബ്ബാറിനേയും ഈ സമിതികളിലേക്ക് പരിഗണിച്ചില്ല. ഏഴ് സമിതികളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

ഉത്തര്‍പ്രദേശിലെ മറ്റൊരു പ്രമുഖ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ആര്‍.പി.എന്‍ സിങിനേയും സമിതികളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച പാര്‍ട്ടിയുടെ നിലപാടിനെതിരെ വി.പി.എന്‍ സിങ് ഒരു യോഗത്തില്‍ എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുപിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി ഏറെ അടുപ്പമുള്ളവര്‍ സമിതികളില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഗുലാംനബി ആസാദ്, കപില്‍ സിബല്‍, ശശി തരൂര്‍ തുടങ്ങിയ 23 നേതാക്കളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് മുന്നോടിയായി നേതൃമാറ്റവും പാര്‍ട്ടിയില്‍ അഴിച്ചുപണിയും ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചത്. കത്തെഴുതിയതിന് പിന്നാലെ മുന്‍ കേന്ദ്ര മന്ത്രി ജിതിന്‍ പ്രസാദക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ ഒരു കോണ്‍ഗ്രസ് കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ രാജ് ബബ്ബാറിന് സമിതികളില്‍ ഇടംനല്‍കാത്തതും ശ്രദ്ധേയമാണ്.