തിങ്കളാഴ്‌ച, സെപ്റ്റംബർ 07, 2020
തൃശൂർ: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് സ്വപ്നയെ പ്രവേശിപ്പിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. നിലവിൽ സ്വപ്നയെ വിയ്യൂർ വനിതാ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്.

ഇന്ന് ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്വപ്നയെ ആദ്യം വിയ്യൂര്‍ ജയിലിലെ ഡോക്ടര്‍ പരിശോധിച്ചിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. സ്വപ്‌ന ഇപ്പോള്‍ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. സ്വപ്നയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.


നേരത്തെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നതിനിടയിലും സ്വപ്ന സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. അന്ന് സ്വപ്നയുടെ ഇസിജിയിൽ നേരിയ വ്യത്യാസം ഉണ്ടായിരുന്നെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഓഗസ്റ്റ് 17നായിരുന്നു ഈ സംഭവം.

കേസിലെ മറ്റ് പ്രധാന പ്രതികളായ സരിത്ത്, സന്ദീപ് നായർ, റെമീസ്, സംജു എന്നിവരുൾപ്പെടെ എട്ടുപേർ വിയ്യൂരിലെ അതിസുരക്ഷാ ജ‍യിലിലാണ്. നേരത്തെ കാക്കനാട് ജയിലിലായിരുന്ന സ്വപ്നയെ നടപടിക്രമം പൂർത്തിയാക്കി വെള്ളിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു വിയ്യൂരിലെത്തിച്ചത്. അതിസുരക്ഷാ ജയിലിൽ പ്രത്യേക വനിതാ ബ്ലോക്ക് ഇല്ലാത്തതിനാലായിരുന്നു സ്വപ്നയെ കാക്കനാട് ജയിലിൽ പാർപ്പിച്ചിരുന്നത്.