ചൊവ്വാഴ്ച, സെപ്റ്റംബർ 08, 2020
തിരുവനന്തപുരം: അടുത്ത നിയസഭ തെരഞ്ഞെടുപ്പിൽ ഭരണം ലഭിച്ചാൽ യുഡിഎഫിന്‍റെ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ച ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് പ്രധാനമായും ഉയർന്ന് കേൾക്കുന്നത്. ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി ഉമ്മൻ ചാണ്ടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തന്‍റെ സ്ഥാനാർഥിത്വം തള്ളാതെയാണ് അദ്ദേഹം പ്രതികരിച്ചത്.

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയാകാൻ അദ്ദേഹം അർഹനാണെന്നാണ് ഉമ്മൻ ചാണ്ടി മറുപടി നൽകിയത്. അതേസമയം ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്‍റെ നിയമസഭാ സ്ഥാനാർഥിത്വവും മുഖ്യമന്ത്രി സ്ഥാനാർഥിത്വവും തള്ളാതെയാണ് ഉമ്മൻ ചാണ്ടി സംസാരിച്ചതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.


അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാകുമെന്ന ചോദ്യം നേരത്തെ തന്നെ ഉയർന്നിട്ടുണ്ട്. ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രി സ്ഥാനാർഥിയാവുകയാണെങ്കിൽ രമേശ് ചെന്നിത്തല പക്ഷത്തിന്‍റെ പ്രതികരണം എന്തായിരിക്കുമെന്നും, ഇരുനേതാക്കളും അല്ലാതെ മറ്റാരെങ്കിലും ഈ സ്ഥാനത്തേക്ക് ഉയർന്നുവരുമോ എന്നതുമാണ് സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനെതിരായ കത്ത് വിവാദത്തിനോട് പ്രതികരിച്ച ഉമ്മൻ ചാണ്ടി കത്ത് എഴുതിയ നേതാക്കൾ കുറ്റക്കാരല്ലെന്നും പറഞ്ഞു. ചാരക്കേസ് വിവാദ സമയത്ത് കെ കരുണാകരനെ താൻ കുറ്റപ്പെടുത്തിയിട്ടില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പ്രതികരിച്ചു.