എംസി കമറുദ്ദീനോട് പാണക്കാട്ടെത്തി വിശദീകരണം നല്‍കാന്‍ മുസ്ലീം ലീഗ്
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീനോട് പാണക്കാട് എത്തി വിശദീകരണം നല്‍കാന്‍ മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കി. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ചെയര്‍മാന്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ പടന്നയിലെ വീട്ടിലും എംഡി പൂക്കോയ തങ്ങളുടെ വീട്ടിലും ചന്ദേര സിഐയുടെ നേതൃത്വത്തില്‍ ഇന്ന് റെയ്ഡ് നടന്നിരുന്നു. നിക്ഷേപകരുടെ പരാതിയില്‍ എംഎല്‍എക്കും പൂക്കോയ തങ്ങള്‍ക്കുമെതിരെ 12 വഞ്ചന കേസുകളാണ് ചന്ദേര പൊലീസ് സ്റ്റേഷനിലുള്ളത്. ഈ കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് മുന്നോടിയായി രേഖകള്‍ ശേഖരിക്കുന്നതിനാണ് റെയ്ഡ് നടത്തിയത്. ഇരുവരും വീടുകളില്‍ ഉണ്ടായിരുന്നില്ല. ലക്ഷങ്ങള്‍ നിക്ഷേപമായി നല്‍കിയ ലീഗ് പ്രവര്‍ത്തകരടക്കം 19 പേരാണ് പൊലീസില്‍ പരാതി നല്‍കിയത്. വ്യാഴാഴ്ച്ച പാണക്കാട് നേരിട്ട് എത്തി വിശദീകരണം നല്‍കാന്‍ ലീഗ് സംസ്ഥാന നേതൃത്വം എംസി കമറുദ്ദീന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.
