വെള്ളിയാഴ്‌ച, സെപ്റ്റംബർ 11, 2020
പള്ളിക്കര : ത്രിതല പഞ്ചായത്ത് തെരെഞ്ഞടുപ്പിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന പ്രകൃയയുടെ ഹിയറിംഗ് നടത്തുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ആഗസ്റ്റ് 17 ന് സെക്രട്ടറി വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ എടുത്ത തീരുമാനം ലംഘിച്ചതിനെതിരെ പള്ളിക്കര പഞ്ചായത്ത് സെക്രട്ടറിയെ യു.ഡി.എഫ് പളളിക്കര പഞ്ചായത്ത് കമ്മിറ്റി ഉപരോധിച്ചു.

     പഞ്ചായത്തിലെ സി.പി.എം. അനുകൂല ഉദ്യോഗസ്ഥരുടെ ഒത്താശയോട് കൂടി സി.പി.എം നേതാക്കൾ യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളായ വാർഡുകളിലെ വോട്ടറും സ്ഥിരതാമസക്കാരുമായ 100 കണക്കിനാളുകളുടെ വോട്ടുകൾ തള്ളുന്നതിന് അപേക്ഷ നൽകുകയും അധികൃതർ നോട്ടീസ് നൽകുകയും ചെയ്തത്. സർവ്വകക്ഷി യോഗത്തിൽ രണ്ട് വിഭാഗം നേതാക്കളും യോഗത്തിൽ വോട്ടർമാരെ തള്ളുന്ന പ്രക്രിയ ഒഴിവാക്കണമെന്ന് ധാരണയായിരുന്നു. ഈ ധാരണയാണ് സെക്രട്ടറി ലംഘിച്ചതും, യു.ഡി.എഫ് നേതാക്കളെ ചൊടിപ്പിച്ചതും.
    പള്ളിക്കര ഗ്രാമപഞ്ചായത്തിൽ സി.പി.എം ഒത്താശയോട് കൂടി തെരെഞ്ഞടുപ്പ് അട്ടിമറിക്കാനാണ് സി.പി.എം അനുകൂല ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ രണ്ട് മക്കളെ പോലും മറ്റൊരു വാർഡിൽ ഇരട്ട വോട്ട് ചേർത്തതsക്കമുള്ള പരാതി നേരത്തെ തന്നെ യു.ഡി.എഫ് നേതാക്കൾ നൽകിയിരുന്നു.

   വോട്ടർമാരുടെ ഹിയറിംങ്ങ് സമയത്ത് നേരിട്ട് ഹാജരാവേണ്ടതില്ലാത്ത സൗകര്യം ഉപയോഗപെടുത്തി വ്യാജ വോട്ടുകൾ നിറക്കാനും, തള്ളാനുമുള്ള അപേക്ഷകളിൽ വോട്ടവകാശം തെളിയിക്കാൻ വോട്ടർമാർ നേരിട്ട് ഹാജരാകേണ്ടതുള്ളതിനാൽ കോവിഡ് കാലത്ത് ഹാജരാകാത്ത വോട്ടർമാരെ തള്ളിക്കാമെന്നുള്ള കണക്കുകൂട്ടലിലുമാണ് സി.പി.എം നേതൃത്വവും അനുകൂല ഉദ്യോഗസ്ഥരുമെന്ന് നേതാക്കൾ ആരോപിച്ചു.
ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിൽ, മുസ്ലീം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ.ബക്കർ, യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ ഹനീഫ കുന്നിൽ, കൺവീനർ സുകുമാരൻ പൂച്ചക്കാട്, നേതാക്കളായ സാജിദ് മൗവ്വൽ, കെ.എൻ.രാജേന്ദ്രപ്രസാദ്, സത്യൻ പൂച്ചക്കാട്, എം.പി.എം.ഷാഫി, സിദ്ദീഖ് പള്ളിപ്പുഴ, രാജേഷ് പള്ളിക്കര, ബഷീർ പൂച്ചക്കാട് എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു.