മന്ത്രവാദത്തിന്റെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ക്ഷേത്ര പൂജാരി അറസ്റ്റില്‍
തിരുവനന്തപുരം ചിറയന്‍കീഴില്‍ മന്ത്രവാദത്തിന്റെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശി മുടപുരം തെന്നൂര്‍ക്കോണം ക്ഷേത്രപൂജാരി ശ്രീകുമാര്‍ നമ്പൂതിരി (67)യാണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. മന്ത്രവാദ ചികിത്സയുടെ പേരില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പീഡനം നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു.ക്ഷേത്ര ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയോട് മന്ത്രവാദത്തിലൂടെ നേട്ടങ്ങളുണ്ടാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ക്ഷേത്രവളപ്പില്‍ തന്നെയുള്ള പൂജാരിയുടെ മുറിയില്‍ വെച്ചായിരുന്നു മന്ത്രവാദകര്‍മങ്ങള്‍ ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടി മുറിയില്‍നിന്ന് ഇറങ്ങിയോടുകയും ബന്ധുക്കളെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ ഉള്‍പ്പടെ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
