തിരുവനന്തപുരം പാറശ്ശാലയിൽ പാർട്ടി ഓഫീസിനായി ഏറ്റെടുത്ത കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട ആശ വർക്കറായ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. സിപിഎം പ്രാദേശികനേതാക്കളുടെ മാനസികപീഡനം സഹിക്കാൻ വയ്യാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് ഈ കുറിപ്പിന്‍റെ ഒരു ഭാഗത്ത് അവർ എഴുതിയിട്ടുണ്ട്. ''പാർട്ടി ചെങ്കൽ ലോക്കൽ കമ്മിറ്റി LC മെമ്പർമാരായ കൊറ്റാമം രാജൻ, അലത്തറവിളാകം ജോയി എന്നിവരുടെ മാനസികമായ പീഡനം സഹിക്കാനാവാതെയാണ് ഞാൻ ഈ കടുംകൈ ചെയ്യുന്നത്. എന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു കൊറ്റാമം രാജൻ. പാർട്ടിക്ക് പരാതി നൽകിയെങ്കിലും ആരും ഒരു നടപടിയും എടുത്തില്ല.എല്ലാം ചെങ്കലിലെ നേതാക്കൾക്കും അറിയാം''ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതോടെ, സ്ഥലത്തെ പ്രാദേശികസിപിഎം നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകർ ആശയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ഉദിയൻകുളങ്ങര പാറശ്ശാല റോഡ് അരമണിക്കൂറോളം ഉപരോധിച്ചു. കമ്മിറ്റിയിലുണ്ടായ ചില പ്രശ്നങ്ങളെത്തുടർന്നുള്ള മനോവിഷമമാണ് ആശ ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് ഇവരുടെ ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ ഇവർ പങ്കെടുത്ത കുടുംബശ്രീയുടെ കമ്മിറ്റി ഉണ്ടായിരുന്നോ എന്നറിയില്ലെന്നും, പാർട്ടിയുടെ ഏരിയ കമ്മിറ്റി യോഗം നടന്നിരുന്നെന്നും, പക്ഷേ ഇവർ ഏരിയ കമ്മിറ്റി അംഗമല്ലെന്നും പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വ്യക്തമാക്കിയിരുന്നു.
