വെള്ളിയാഴ്‌ച, സെപ്റ്റംബർ 11, 2020
സാമൂഹ്യ പ്രവര്‍ത്തകനും ആര്യസമാജ പണ്ഡിതനുമായ സ്വാമി അഗ്നിവേശ് അന്തരിച്ചു. എണ്‍പതു വയസായിരുന്നു. കരള്‍ രോഗ ബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. വൈകിട്ട് 7.30 ഓടെയായിരുന്നു അന്ത്യം.

സമാധാനത്തിനായുള്ള പോരാട്ടം, ജാതി വിരുദ്ധ സമരം, തൊഴിലാളികള്‍ക്കായുള്ള പ്രവര്‍ത്തനം, മദ്യത്തിനെതിരായുള്ള പ്രചാരണം, സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രചാരണം എന്നിങ്ങനെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.

ഛത്തീസ്ഗഢിലെ ജന്‍ജ്ഗീര്‍-ചമ്പ ജില്ലയിലാണ് സ്വാമി അഗ്‌നിവേശിന്റെ ജനനം. നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതല്‍ 1968 വരെ കല്‍ക്കട്ടയിലെ സെന്റ് സേവ്യര്‍ കോളജില്‍ ബിസിനസ് മാനേജ്‌മെന്റ് അധ്യാപകനായിരുന്നു. പിന്നീട് ഹരിയാനയിലേക്ക് എത്തി. അവിടെ ആര്യസമാജത്തില്‍ ചേരുകയും സന്യാസം സ്വീകരിക്കുകയും ചെയ്തു. ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം അവിടെ വച്ച് രൂപവത്കരിച്ചു. 1977 ല്‍ ഹരിയാനയിലെ നിയമസഭാംഗമാവുകയും വിദ്യാഭ്യാസ മന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.