കാഞ്ഞങ്ങാട് : ബളാല്‍ പഞ്ചായത്തിലെ കോട്ടക്കുന്ന്, നമ്പ്യാര്‍ മലയില്‍ ഉരുള്‍പൊട്ടല്‍. ആളപായമില്ലെന്നാണ് പ്രഥമിക വിവരം. നമ്പ്യാര്‍ മല കോളനിക്ക് സമീപത്താണ് ഉച്ചയോടെ ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നമ്പ്യാര്‍ മല റോഡ് തകര്‍ന്നു. അപകട ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്തെ ആറംഗങ്ങളുള്ള ഒരു കുടുംബത്തെ മാറ്റിപാര്‍പ്പിക്കാന്‍ വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍ദേശം നല്‍കി.
ഇന്ന് വൈകീട്ട് മൂന്നോടെയാണ് കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടിയത്. കനത്ത മഴയില്‍ കുന്നിന്‍ മുകളില്‍ നിന്ന് ഉരുള്‍ പൊട്ടി പാറക്കല്ലുകളും മണ്ണും ഒഴുകിയെത്തി. തുടര്‍ന്ന് ബളാല്‍ രാജപുരം റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തെ മൂന്നു വീടുകള്‍ അപകടാവസ്ഥയിലാണ്. കാസര്‍കോട് ജില്ലയില്‍ എല്ലായിടത്തും കനത്ത മഴ തുടരുകയാണ്. കാഞ്ഞങ്ങാട് നഗരത്തില്‍ വെള്ളം കയറി.
സംസ്ഥാനത്ത് നാലു ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീഷ കേന്ദ്രം അറിയിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് അടക്കം ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദക്ഷിണ കന്നഡ ജില്ലയിലും മഴകനത്ത് പെയ്യുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം.
