കാസർകോട്: ശരത് ലാൽ -കൃപേഷ് കൊലപാതകേസിൽ സി.ബി. ഐ അന്വേഷണമെന്ന ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ ആരോപിച്ചു. മക്കൾ നഷ്ടപ്പെട്ട രക്ഷിതാക്കൾ നിയമയുദ്ധത്തിലൂടെ നേടിയതും നിയമവാഴ്ച ആഗ്രഹിക്കുന്ന പൊതു സമൂഹം ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്ത വിധിയെയാണ് ഖജനാവിലെ പൊതുമുതൽ നൽകി സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നത്. സർക്കാർ കൊലയാളികൾക്കൊപ്പമാണെന്ന് വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നത്. സ്വന്തം പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടാലും കൊലക്കേസിൽപെട്ടാലും പാർട്ടി കണക്കിൽ വരവ് വേണമെന്ന ലക്ഷ്യം മാത്രമേ സി പി എം നുള്ളുവെന്ന് ഹക്കീം കുന്നിൽ ആരോപിച്ചു. അഭിമന്യു വധക്കേസിൽ സിപിഎം കൈ കൊണ്ട ലാഘവത്വവും വെഞ്ഞാറമൂട് കേസിൽ കൈ കൊണ്ടിരിക്കുന്ന ഇരട്ടത്താപ്പും ഇരകളുടെ നീതിക്ക് വേണ്ടിയല്ല പാർട്ടിയുടെ കാട്ട് നീതിക്ക് വേണ്ടിയാണെന്നും ഹക്കീം കുന്നിൽ ആരോപിച്ചു. വെഞ്ഞാറമൂട് കേസിൽ റൂറൽ എസ്പി രാഷ്ട്രീയ കൊലപാതകമാണെന്നും സി ഐ വ്യക്തി വൈരാഗ്യമാണെന്നും പറയുമ്പോൾ പ്രമാദമായ കൊലപാതക കേസുകളിൽ പോലും ഒരേ അന്വേഷണ ഏജൻസി സ്വീകരിക്കുന്ന വിരുദ്ധ നിലപാടുകൾ കോടതിയിൽ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതാകും. വെഞ്ഞാറമൂടിലും കേരള പോലീസ് ഇരകൾക്ക് നീതി നിഷേധിക്കുകയാണ് .
നിയമസംവിധാനത്തിനെതിരെയുള്ള സർക്കാരിന്റെ വെല്ല് വിളി കേരളത്തിലെ ജനങ്ങൾ ഏറ്റെടുക്കുമെന്നും നീതിക്ക് വേണ്ടിയുള്ള നിയമയുദ്ധം തുടരുകയും സർക്കാർ നടപടിയെ കോൺഗ്രസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ഹക്കീം കുന്നിൽ പ്രസ്താവിച്ചു.
