ചൊവ്വാഴ്ച, സെപ്റ്റംബർ 15, 2020
തിരുവനന്തപുരം: വര്‍ക്കല വെട്ടൂരിൽ വീടിനുള്ളില്‍ ഒരേ കുടുംബത്തിലെ മൂന്നുപേരെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും മകളുമാണ് മരിച്ചത്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(60) , ഭാര്യ മിനി (55, മകള്‍ അനന്തലക്ഷ്മി (26) എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ മൂന്ന് മണിയോടെ വീടിന്റെ മുകളിലത്തെ നിലയില്‍ തീപടരുന്നത് കണ്ട അയൽവാസികൾ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി വീട്ടിനുള്ളില്‍ കയറി തീയണച്ചു. ശ്രീകുമാറിന്റെ മൃതദേഹം കുളിമുറിയിലും അനന്തലക്ഷ്മിയുടെയും മിനിയുടെയും മൃതദേഹങ്ങള്‍ മുറിക്കുള്ളിലുമാണ് കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്.

ശ്രീകുമാര്‍ എംഇഎസ് കോണ്‍ട്രാക്ടറാണ്. അനന്തലക്ഷ്മി ഗവേഷക വിദ്യാര്‍ഥിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. ഇവര്‍ക്ക് കടബാധ്യതകള്‍ ഉണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് സൂചന. മൃതദേഹങ്ങള്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.