ചൊവ്വാഴ്ച, സെപ്റ്റംബർ 15, 2020
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ വിവരങ്ങള്‍ ശേഖരിക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി ജ്വല്ലറി ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മായിന്‍ഹാജിക്കെതിരെ പോലീസ് കേസെടുത്തു. സാരമായി പരിക്കേറ്റ ഫാഷന്‍ ഗോള്‍ഡ് പിആര്‍ഒ ടികെ മുസ്തഫ (50) യെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാനേതാവിന്‍റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചെന്നാണ് മുസ്തഫയുടെ ആരോപണം.

മര്‍ദ്ദനത്തെ തുടര്‍ന്ന് ഇവര്‍ക്കെതിരെ മുസ്തഫ മേല്‍പറമ്പ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ജ്വല്ലറി നിക്ഷേപത്തട്ടിപ്പിനിരയായവരുടെ വിവരം ശേഖരിക്കാന്‍ മുസ്‌ലിം ലീഗ് നേതൃത്വം മാഹിന്‍ ഹാജിയെയാണ് ചുമതലപ്പെടുത്തിയത്. ജീവനക്കാരുടെ വീടുള്‍പ്പെടെ ഭൂമിയുടെ ആധാരവും കൈമാറണമെന്ന ആവശ്യം അംഗീകരിക്കാന്‍ തയ്യാറാവാത്തതാണ് കൈയേറ്റത്തിന് കാരണമായി പറയുന്നത്. ജില്ലാനേതാവിന്‍റെ വീട്ടില്‍വച്ച് നെഞ്ചിന് ചവിട്ടേറ്റ് അബോധാവസ്ഥയില്‍ കിടന്ന മുസ്തഫയെ ജ്വല്ലറി മാനേജര്‍ സൈനുല്‍ ആബിദിന്‍റെ നേതൃത്വത്തിലാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതെന്ന് പറയുന്നു.

ജ്വല്ലറിയുടെ പേരില്‍ നിലവിലുള്ള കടബാധ്യത തീര്‍ക്കുന്നതിനായി ജീവനക്കാരുടെ വീടും ഭൂമിയുടെ അധാരവും കൈമാറണമെന്നും എംസി ഖമറുദ്ദീന് അനുകൂലമായ മൊഴികള്‍ മാത്രമേ നല്‍കാവൂ എന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം അംഗീകരിക്കാന്‍ മുസ്തഫ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് മുസ്തഫ പരാതിയില്‍ പറയുന്നു. എന്നാല്‍ നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ ജീവനക്കാരെ വിളിച്ച് ചര്‍ച്ച നടത്തിയതല്ലാതെ മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മാഹിന്‍ ഹാജി പറയുന്നു. വൈകുന്നേരം 4.30ഓടെ ആക്ഷേപം പറഞ്ഞയാളെ വിളിച്ച് സംസാരിക്കുന്നതിനിടയില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞ് കുഴഞ്ഞ് വീണതാണ്. ഉടന്‍ ആശുപത്രിയിലേക്ക് കൂടെയുള്ളവര്‍ കൂട്ടിപ്പോവുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ എംസി ഖമറുദ്ദീന്‍ എംഎല്‍എ 150 കോടിയോളം രൂപയാണ് നിക്ഷേപകര്‍ക്കായി നല്‍കാനുള്ളത്. ഇതിനോടകം വിവിധ പോലീസ് സ്റ്റേഷനുകളിലായി 42 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട് ആറുമാസത്തിനകം നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കണമെന്ന് ധാരണയായിരുന്നു.

ഖമറുദ്ദീന്‍റെ ആസ്തികള്‍ വിറ്റും ബന്ധുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ ബാധ്യത തീര്‍ക്കാനാണ് നേതൃത്വം ആവശ്യപ്പെട്ടത്. അതിനിടെ ഫാഷന്‍ ഗോള്‍ഡ് ജൂവലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് ഡയറി ക്രൈംബ്രാഞ്ചിന് കൈമാറി. ചന്തേര, കാസര്‍കോട് പോലീസ് സ്റ്റേഷനുകളിലായി 42 പരാതികളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ക്രൈംബ്രാഞ്ച് കണ്ണൂര്‍ ബ്രാഞ്ച് എസ് പി മൊയ്തീന്‍കുട്ടി, ഡി വൈ എസ് പി പികെ.സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുക. സംഘത്തിലെ അംഗത്തിലൊരാള്‍ക്ക് കൊവിഡ് ബാധിച്ചതിനാല്‍ കുറേ പേര്‍ക്ക് ക്വാറന്‍റൈനില്‍ പോകേണ്ടി വന്നിട്ടുണ്ട്.