ബുധനാഴ്‌ച, സെപ്റ്റംബർ 16, 2020
കാഞ്ഞങ്ങാട് : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കുടുംബത്തെയും അധിക്ഷേപിച്ച് ഫെയ്‌സ്ബുക്കില്‍ കമന്റിട്ട നഗരസഭ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. നഗരസഭ ജീവനക്കാരനും നഗരസഭ അധ്യക്ഷന്റെ പേഴ്‌സനല്‍ അസിസ്റ്റന്റുമായ കെ വേണുഗോപാലനെതിരെയാണ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രല് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് നിധീഷ് കടയങ്ങാന്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കേരള മുനിസിപ്പല്‍ ആന്റ് കോര്‍പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുംകൂടിയാണ് വേണുഗോപാലന്‍. രാഷ്ട്രീയ നേതാക്കളെ ആക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെ സമൂഹ മാധ്യമങ്ങളില്‍ സന്ദേശം അയച്ചതിനാണ് കേസ്.

ജീവനക്കാരനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച യു ഡി വൈ എഫ് പ്രവര്‍ത്തകര്‍ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചിരുന്നു ഒരു മണിക്കൂറോളം നീണ്ട ഉപരോധം ഹൊസ്ദുര്‍ഗ് സി ഐയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നു പിന്‍വലിച്ചു. പരാതിയിന്മേല്‍ നടപടി സ്വീകരിക്കാമെന്ന് ചര്‍ച്ചയില്‍ ഉറപ്പു കിട്ടിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്ന് സമരക്കാര്‍ പറഞ്ഞു.

പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മായില്‍ ചിത്താരി, ഒബി സി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബി ബിനോയ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് നിധീഷ് കടയങ്ങന്‍, യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് റമീസ് ആറങ്ങാടി, സെക്രട്ടറി ഇര്‍ഷാദ് കല്ലൂരാവി, ഷിഹാബ് കാര്‍ഗില്‍, റഷീദ് പുതിയോട്ട, ബാസിത്ത് ചിത്താരി എന്നിവര്‍ നേതൃത്വം നല്‍കി.

നഗരസഭ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കരിച്ചേരി തച്ചങ്ങാട് മേഖല യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നഗരസഭ ജീവനക്കാരന്റെ കരിച്ചേരിയിലെ വസതിക്ക് മുമ്പില്‍ പ്രതിഷേധം നടത്തി. രവീന്ദ്രന്‍ കരിച്ചേരി, കരിച്ചേരി ഗോപാലകൃഷ്ണന്‍, എം രാകേഷ്, സുജിത്ത് തച്ചങ്ങാട്, അഖില്‍ തച്ചങ്ങാട്, ടി ജിതിന്‍ കൃഷ്ണപ്രസാദ്, ധനേഷ് നമ്പ്യാര്‍, എ അഖില്‍, സുരേഷ്, ജ്യോതിഷ് തച്ചങ്ങാട്, മുകേഷ് എന്നിവര്‍ സംസാരിച്ചു.

നഗരസഭ അധ്യക്ഷന്റെ പഴ്‌സനല്‍ അസിസ്റ്റന്‍് കൂടിയായ ജീവനക്കാരന്‍ ഞായറാഴ്ചയാണ് പോസ്റ്റിട്ടത്. പിന്നാലെ മോശമായ ഭാഷയില്‍ കന്റുമിട്ടു പ്രതിഷേധം ശക്തമായതോടെ കമന്റ് പിന്‍വലിച്ചു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു.