പത്തനംതിട്ട : സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഓൺലൈൻ ക്ലാസുകളുടെ ഒരു സെഷൻ പരമാവധി അര മണിക്കൂറായി കുറയ്ക്കണമെന്നും ഒരു ദിവസത്തെ ക്ലാസിന്റെ ദൈർഘ്യം രണ്ടു മണിക്കൂറിൽ കൂടരുത് എന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ്. സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ കുട്ടികൾ ദിവസം 5 മുതൽ 7 മണിക്കൂർ വരെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കേണ്ടി വരുന്നതായും ഇതു ശാരീരിക അസ്വസ്ഥതകളും മാനസിക സമ്മർദവും സൃഷ്ടിക്കുന്നതായും ചൂണ്ടിക്കാട്ടി തിരുവല്ലയിലെ സ്വകാര്യ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിയുടെ രക്ഷാകർത്താവ് നൽകിയ പരാതി പരിഗണിച്ചാണ് ബാലാവകാശ സംരക്ഷണ കമ്മീഷനംഗം റെനി ആന്റണി ഉത്തരവിറക്കിയത്.
പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ വിക്ടേഴ്സ് ചാനലിലെ പാഠഭാഗങ്ങൾ ആസ്വദിച്ച് പഠിക്കുമ്പോൾ അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികൾ അനുഭവിക്കുന്ന ദുരിതത്തിനു പരിഹാരം കാണണമെന്നും പരാതിയിലുണ്ടായിരുന്നു. ഓരോ സെഷനു ശേഷവും 15 മുതൽ 30 മിനിറ്റ് വരെ വിശ്രമവേള ഉണ്ടായിരിക്കണം. ടേം പരീക്ഷയ്ക്കു സമാനമായ ഓൺലൈൻ എഴുത്തുപരീക്ഷ നടത്താൻ പാടില്ല. കുട്ടികളുടെ സംശയനിവാരണത്തിനും പഠനപ്രക്രിയയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ശിശുസൗഹൃദമായ മാർഗം സ്വീകരിക്കണം. എല്ലാ സിബിഎസ്ഇ, ഐസിഎസ്ഇ, ജവാഹർ നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളിലെയും പ്രിൻസിപ്പൽമാർ ഓരോ മാസത്തെയും ഓൺലൈൻ ക്ലാസുകളുടെ ടൈംടേബിൾ ജില്ലാ കളക്ടർ, വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവർക്ക് നൽകണം.
എംഎച്ച്ആർഡി പ്രസിദ്ധീകരിച്ച മാർഗനിർദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് ഓൺലൈൻ ക്ലാസുകൾ നടക്കുന്നതെന്ന് എല്ലാ വിദ്യാഭ്യാസ ഓഫിസർമാരും ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട് . ഓൺലൈൻ പഠനത്തിന്‍റെ പേരിൽ തുടർച്ചയായിട്ടുള്ള ക്ലാസുകൾ വിദ്യാർഥികളെ സമ്മർദ്ദത്തിലാക്കുന്നുവെന്ന പരാതികൾ ആദ്യം മുതൽ തന്നെ ഉയർന്നിരുന്നു.കുട്ടികൾക്ക് ഇടവേള പോലും നൽകാതെയുളള ചില സിബിഎസ്ഇ സ്കൂളുകളുടെ പ്രവണതയെ പറ്റി വ്യാപക പരാതികളാണ് ഉയർന്നു വന്നത്. ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ വിപ്ലവകരമായ തീരുമാനം വന്നതിൻ്റെ ആശ്വാസത്തിലാണ് ഇപ്പോൾ രക്ഷിതാക്കളും വിദ്യാർഥികളും.
