വ്യാഴാഴ്‌ച, സെപ്റ്റംബർ 17, 2020
മുംബൈ: കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചുവെന്ന് ഭാര്യയെ വിശ്വസിപ്പിച്ച് 28 കാരന്‍ കാമുകിക്കൊപ്പം മുങ്ങി. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് സംഭവം. കോവിഡ് സ്ഥിരീകരിച്ചെന്ന് ഭാര്യയോട് കളവ് പറഞ്ഞാണ് യുവാവ് വീടുവിട്ടിറങ്ങിയത്. തുടര്‍ന്ന് പോലീസാണ് യുവാവിനെ ഇന്‍ഡോറില്‍ നിന്ന് കാമുകിക്കൊപ്പം കണ്ടെത്തിയത്.

കോവിഡ് സ്ഥിരീകരിച്ചെന്ന് പറഞ്ഞ് ജൂലൈ 21 നാണ് യുവാവ് വീടവിട്ടിറങ്ങിയത്. അതേസമയം മരിക്കാന്‍ പോകുന്നുവെന്നും.. പറഞ്ഞാണ് യുവാവ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ വിനായക് വാസ്ത് പ്രതികരിച്ചു.

വീട്ടില്‍ നിന്നിറങ്ങിയതിനു പിന്നാലെ ഇയാള്‍ മൊബൈലും ഓഫ് ചെയ്തു. ഇതോടെ ഇയാളെ കണ്ടെത്താന്‍ സാധിക്കാതെ വരികയായിരുന്നു. എന്നാല്‍ ഇതിനിടെ ഇദേഹത്തിന്റെ ബന്ധു ഇയാളുടെ ബൈക്ക് മറ്റൊരു നഗരത്തില്‍ നിന്ന് അവിചാരിതമായി ശ്രദ്ധയില്‍പ്പെട്ടു. ബൈക്കില്‍ കീ, ഹെല്‍മറ്റ്, പേഴ്‌സ് ഉള്‍പ്പെടെ അതിലുണ്ടായിരുന്നു. തുടര്‍ന്ന് ബന്ധു പോലീസ് സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് പോലീസ് കോവിഡ് കെയര്‍ സെന്ററുകളിലും നഗരം മുഴുവനും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ആഴ്ചയാണ് പോലീസ് ഇന്‍ഡോറില്‍ നിന്ന് ഇയാളെ കണ്ടെത്തുന്നത്. ഇന്‍ഡോറിലെത്തിയ ഇയാള്‍ ഐഡന്റിറ്റി മാറ്റി വാടകയ്ക്ക് കാമുകിയുമൊത്ത് താമസിച്ചു വരികയായിരുന്നു. തുടര്‍ന്ന് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് നവി മുംബൈയിലെത്തിച്ചു.