തിങ്കളാഴ്‌ച, സെപ്റ്റംബർ 21, 2020

കോഴിക്കോട്: സുഹൃത്തായ യുവതിക്ക് ഫ്‌ലാറ്റ് എടുത്തുനല്‍കിയതും അവിടെ പതിവായി സന്ദര്‍ശനം നടത്തുന്നതും പോലീസിന്റെ അന്തസിനും സല്‍പ്പേരിനും കളങ്കമുണ്ടാക്കിയെന്നും അച്ചടക്കലംഘനം നടത്തിയെന്നും കാണിച്ച് സിവില്‍ പോലീസ് ഓഫീസര്‍ക്കു സസ്‌പെന്‍ഷന്‍. കണ്‍ട്രോള്‍ റൂമിലെ സിപിഒആയ ഉമേഷ് വള്ളിക്കുന്നിനെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.


മകളെ വീട്ടില്‍ നിന്നു വിളിച്ചിറക്കി ഫ്‌ലാറ്റെടുത്ത് താമസിപ്പിച്ചിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നും കാണിച്ച് യുവതിയുടെ അമ്മ നല്‍കിയ പരാതിയിലാണ് നടപടി. അതേസമയം സസ്‌പെന്‍ഷന്‍ ഉത്തരവില്‍ തന്റെ പേരും വിലാസവുമുള്‍പ്പെടെ പരാമര്‍ശിച്ചതിനെതിരേ ഉത്തരമേഖല ഐജിക്കു പരാതി നല്‍കിയിരിക്കയാണ് യുവതി. കമ്മീഷണര്‍ക്കു തന്റെ സുഹൃത്തായ പോലീസുകാരനോടുള്ള വിരോധമാണ് ഇതിലേക്കു നയിച്ചത്. ഫ്‌ലാറ്റെടുത്തത് സ്വന്തം ഇഷ്ടപ്രകാരമാണ്. സുഹൃത്തായ പോലീസുകാരനോടുള്ള കുടിപ്പക തീര്‍ക്കാന്‍ ഔദ്യോഗികരേഖയില്‍ തന്നെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുകയാണ കമ്മീഷണര്‍ ചെയ്തത്. ഇതു സ്ത്രീത്വത്തെ അപമാനിക്കലാണ്. ഇതു ചെയ്ത കമ്മീഷണര്‍ക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കണമെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.


നഗരത്തിലെ സ്‌കൂളിലെ കൗണ്‍സിലറും ഗായികയുമായ 31കാരിക്കാണ് ഉമേഷ് ഫ്‌ലാറ്റെടുത്തു നല്‍കിയത്. വീട്ടുകാരുമായുള്ള പ്രശ്‌നം കാരണമാണ് താന്‍ ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്ത് താമസിക്കുന്നതെന്നാണ് യുവതി പറയുന്നത്. അതേസമയം വിവാഹിതനും 12 വയസുള്ള കുട്ടിയുടെ പിതാവുമായ ഉമേഷ് തന്റെ മകളെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്ത് ലിവിംഗ് ടുഗതറായി ജീവിക്കുകയാണെന്നും ഇയാളില്‍ നിന്നു മകളെ മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ടാണ് യുവതിയുടെ അമ്മ പരാതി നല്‍കിയത്.


സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷിച്ച പരാതിയില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്. വിശദമായ അന്വേഷണത്തിന് നടക്കാവ് പോലീസിനെ ചുമതലപ്പെടുത്തിക്കൊണ്ടാണ് നടപടി.2011മുതല്‍ ഭാര്യയുമായി പിരിഞ്ഞുതാമസിക്കുന്ന ഉമേഷ് നിയമപരമായി ബന്ധം വേര്‍പെടുത്തിയിട്ടില്ല. വിവാഹമോചനം കഴിഞ്ഞാലുടന്‍ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ ഫ്‌ലാറ്റെടുത്ത് താമസിപ്പിച്ചത്.


റിയല്‍ എസ്റ്റേറ്റ് ബ്രോക്കറോട് തന്റെ ഭാര്യയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫാമിലിയായി താമസിക്കാന്‍ യുവതിയുടെ പേരില്‍ ഫ്‌ലാറ്റെടുക്കുകായിരുന്നുവെന്ന് പോലീസിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. വാടക എഗ്രിമെന്റില്‍ സാക്ഷിയായി ഒപ്പിട്ടതും ഇയാളാണ്. യുവതിയെ താമസിപ്പിച്ച ശേഷം ഉമേഷ് ഫ്‌ലാറ്റില്‍ നിത്യസന്ദര്‍ശനം നടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം നടപടികള്‍ സേനയുടെ അന്തസിനും സല്‍പ്പേരിനും കളങ്കമുണ്ടാക്കുന്നതാണെന്നും ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവുമാണെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനിടെ സസ്‌പെന്‍ഷന്‍ നടപടിക്കും ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കും എതിരേ ഉമേഷ് രംഗത്തെത്തി. തന്നോടുള്ള മുന്‍വൈരാഗ്യമാണ് സസ്‌പെന്‍ഷന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. യുവതിയുടെ മൊഴിക്ക് വിരുദ്ധമായാണ് നടപടി. തന്നെ നിരന്തരം വേട്ടയാടി സര്‍വീസില്‍ നിന്നു പിരിച്ചുവിടാനാണ് നീക്കം.31 വയസ്സുള്ള ഒരു സ്ത്രീ സ്വന്തമായി ഫ്‌ലാറ്റ് വാടകക്കെടുത്ത് താമസിക്കുന്നതിനെ അവളുടെ മൊഴിക്ക് വിപരീതമായി 'അവളുടെ പേരില്‍ ഫ്‌ലാറ്റ് തരപ്പെടുത്തി താമസിപ്പിച്ചു നിത്യ സന്ദര്‍ശനം നടത്തുന്നു' എന്നൊക്കെ പഴയ ആല്‍ത്തറ മാടമ്പികളുടെ കുശുമ്പന്‍ പരദൂഷണം പോലുള്ള വാചകങ്ങള്‍ ഒരു പോലീസുകാരന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ രേഖപ്പെടുത്തി സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അവഹേളിക്കുന്ന നാലാംകിട ബുദ്ധി നീണാള്‍ വാഴട്ടെയെന്ന് ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.


കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഉമേഷ് വള്ളിക്കുന്ന് സസ്‌പെന്‍ഷന്‍ നടപടി നേരിട്ടിരുന്നു. ശബരിമല വിഷയത്തില്‍ മിഠായിത്തെരുവില്‍ നടന്ന ആക്രമണം തടയുന്നതില്‍ ജില്ലാ പോലീസ് മേധാവി പരാജയപ്പെട്ടുവെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നായിരുന്നു നടപടി. ഒരു സിനിമയില്‍ മാവോയിസ്റ്റ് വിഷയത്തില്‍ പോലീസിനെ പരാമര്‍ശിക്കുന്ന ഭാഗം ഫേസ്ബുക്കില്‍ പങ്കുവച്ചതിന് അടുത്തിടെ ഉമേഷിന്റെ രണ്ട് ഇന്‍ക്രിമെന്റ് തടഞ്ഞുവച്ചിരുന്നു. 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ