ബേക്കല്‍: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രവാസിയായ മാവുങ്കാല്‍ ആനന്ദാശ്രമത്തിലെ പവിത്രന്റെയും ബേക്കല്‍ ഹദ്ദാദ് കാട്രമൂലയിലെ ആശയുടെയും മകള്‍ അഷിത(11)മരിച്ച സംഭവത്തിലാണ് ബേക്കല്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് അമ്മയുടെ വീട്ടില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. മരിച്ച നിലയില്‍ കണ്ട മുറി പൊലീസ് കൂടുതല്‍ പരിശോധനയ്ക്കായി അടച്ചു പൂട്ടി സീല്‍ ചെയ്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം തരം വിദ്യാര്‍ത്ഥിനിയാണ് അഷിത. കാഞ്ഞങ്ങാട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആശ ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് അഷിതയെ മുറിക്കുള്ളില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
ഉടന്‍ വീട്ടുകാര്‍ കാഞ്ഞങ്ങാട് സ്വകാര്യസ്പത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ബേക്കല്‍ എസ്.ഐ. പി. അജിത്കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാണ് മുറി സീല്‍ ചെയ്തത്. അഷിതയുടെ സഹോദരന്‍ അശ്വിന്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ