തിങ്കളാഴ്‌ച, സെപ്റ്റംബർ 28, 2020

റിയാദ്: നവംബർ ഒന്ന് മുതൽ ആരംഭിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടനത്തിനുള്ള അനുമതി സഊദി ആരോഗ്യ മന്ത്രാലയം അനുവദിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമായിരിക്കുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രി അറിയിച്ചു. ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് അനുവദിക്കേണ്ടതെന്ന കാര്യത്തിൽ അന്തിമ അനുമതി ആരോഗ്യ മന്ത്രാലയ റിപ്പോർട്ട് അനുസരിച്ചായിരിക്കും. ഇക്കാര്യത്തിൽ അധികം വൈകാതെ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും സഊദി ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബന്‍തന്‍ അറിയിച്ചു. അൽ ഇഖ്‌ബാരിയ ടെലിവിഷൻ അഭിമുഖത്തിലാണ് മന്ത്രി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയത്. കൊവിഡ് പശ്ചാത്തലത്തിൽ നിർത്തി വെച്ച ഉംറ തീർത്ഥാടനം ഒക്ടോബർ നാല് മുതൽ ആരംഭിക്കുമെങ്കിലും നവംബർ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിലാണ് വിദേശ ഉംറ തീർത്ഥാടകരെ അനുവദിക്കുക. ഉംറ കമ്പനികള്‍ വഴി സഊദിയിലെത്തുന്ന വിദേശ രാജ്യങ്ങളിലെ തീര്‍ഥാടകരെ സേവിക്കാന്‍ 30 സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായാണ് പ്രവര്‍ത്തിക്കുക. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ പ്രവേശിച്ചതുമുതല്‍ മടങ്ങിപ്പോകുന്നത് വരെ ഇവരെ സേവിക്കാൻ സംഘം തയ്യാറാണ്.


    ഒക്ടോബർ നാലിന് ആരംഭിക്കുന്ന ആദ്യ ഘട്ടത്തിൽ ദിനം പ്രതി ആറായിരം തീർത്ഥാടകരെ മാത്രമാണ് അനുവദിക്കുക. ഇവരെ അഞ്ഞൂറ് പേരടങ്ങുന്ന പന്ത്രണ്ടു ഗ്രൂപ്പുകളാക്കി തിരിക്കും. ആളുകൾ പരസ്‌പരം കൂടിച്ചേരുന്നതും കൂടുതൽ അടുക്കുന്നതും തടയുന്നതിനാണ് പന്ത്രണ്ടു സംഘങ്ങളാക്കി തിരിക്കുന്നത്. ഓരോ ടീമിനും പ്രത്യേകം ആരോഗ്യ പ്രവർത്തകരെയും ഉൾപ്പെടുത്തിയായിരിക്കും ഉംറ തീർത്ഥാടനം പൂർത്തീകരിക്കാനുള്ള സംവിധാനം. പതിനെട്ടിനും 65 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമായിരിക്കും അനുവാദം നൽകുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംഘങ്ങളായാണ് ഉംറക്ക് അനുവദിക്കുക. ഓരോ സംഘവും കര്‍മങ്ങള്‍ക്കായി പ്രവേശിക്കുമ്പോഴും പൂര്‍ത്തീകരിച്ച് മടങ്ങുമ്പോഴും അണുനശീകരണം നടത്തും.


     മന്ത്രാലയം പുറത്തിറക്കിയ ഇഅ്തമര്‍നാ ആപ് വഴി പെർമിറ്റ് ലഭ്യമാകാതെ ആരെയും മസ്‌ജിദുൽ ഹറമിലേക്ക് പ്രവേശിപ്പിക്കുകയില്ല. ആപ് വഴി ഏതെങ്കിലും തരത്തിൽ തടസം നേരിടുന്നുവെന്ന് കണ്ടാൽ ഉടനടി മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കും. കൊവിഡ് രോഗികളെയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും കുറിച്ചുള്ള വിവരങ്ങളും അവര്‍ നടത്തിയ പരിശോധനയുടെ ഫലങ്ങളും ഈ ആപില്‍ ലഭ്യമാക്കും. തികച്ചും സൗജന്യമായാണ് ഉംറ പെര്‍മിറ്റ് അനുവദിക്കുന്നത്. ഉംറ പെര്‍മിറ്റിന് അപേക്ഷിക്കാന്‍ മന്ത്രാലയം ആവിഷ്‌കരിച്ച ഇഅ്തമര്‍നാ ആപ്പ് വഴി തീര്‍ഥാടകര്‍ക്ക് ഇഷ്ടമുള്ള ഹോട്ടല്‍ തെരഞ്ഞെടുക്കാനും സൗകര്യം ലഭിക്കും. ആരോഗ്യകരമായ അന്തരീക്ഷത്തില്‍ ഉംറ നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ക്ക് അവസരം ഒരുക്കണമെന്നാണ് ഭരണനേതൃത്വം നിര്‍ദേശിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അടുത്ത വർഷത്തെ ഹജ്ജിനായി വിദേശ ഹജ്ജ് തീർഥാടകരുടെ വരവിനും പുറപ്പെടലിനും ഒരു പ്രത്യേക ഇലക്ട്രോണിക് സംവിധാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


      അതേസമയം, ഒക്ടോബര്‍ നാലു മുതല്‍ ആഭ്യന്തര ഉംറ തീര്‍ഥാടനം ഭാഗികമായി തുടങ്ങുമെങ്കിലും തീര്‍ഥാടകര്‍ക്ക് കഅ്ബ തൊടാനോ ഹജറുല്‍ അസ് വദ് മുത്താനോ സാധിക്കില്ലെന്ന് ഇരുഹറം കാര്യവിഭാഗം പ്ലാനിംഗ് വിഭാഗം ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ ഹമീദ് അല്‍മാലികി അറിയിച്ചു. കഅ്ബക്ക് ചുറ്റും സ്ഥാപിച്ച ബാരിക്കേഡിന് പുറത്ത് മാത്രമാണ് ത്വവാഫ് ചെയ്യാന്‍ അനുമതിയുണ്ടാകുക. ബാരിക്കേഡ് മറികടക്കാന്‍ അനുമതി നല്‍കില്ല. പ്രത്യേക മെഡിക്കല്‍ വിഭാഗം ഇവിടെയുണ്ടാകുമെന്നും രോഗലക്ഷണങ്ങള്‍ കാണുന്നവരെ പ്രത്യേക സ്ഥലത്തേക്ക് മാറ്റിനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസം നിറച്ച ബോട്ടിലുകള്‍ മസ്ജിദുല്‍ ഹറാമിനുള്ളില്‍ തീര്‍ഥാടകര്‍ക്ക് വിതരണം ചെയ്യും.ഇഅ്തമര്‍നാ ആപ്ലിക്കേഷന്‍ വഴി പ്രത്യേക അനുമതി എടുക്കാത്തവര്‍ക്ക് മസ്ജിദുല്‍ ഹറാമിനുള്ളിലേക്ക് പ്രവേശനമുണ്ടാകില്ല.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ