തിങ്കളാഴ്‌ച, സെപ്റ്റംബർ 28, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്കാണ് സര്‍വകക്ഷി യോഗം. യോഗത്തില്‍ കോവിഡ് പ്രതിരോധത്തിനായി സ്വീകരിക്കേണ്ട നിയന്ത്രണ നടപടികള്‍ ചര്‍ച്ചയാകും.


ഇപ്പോള്‍ ദിവസേന ഏഴായിരത്തിന് മുകളിലാണ് കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം. പ്രതിദിന രോഗബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ആവശ്യപ്പെട്ടിരുന്നു. മരണ സംഖ്യ ഉയര്‍ന്നേക്കാവുന്ന സാഹചര്യം നിലവിലുണ്ടെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.


ജില്ലകളില്‍ തിരുവനന്തപുരം ജില്ലയാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് ആയിരത്തിന് മുകളിലാണ് പ്രതിദിന വര്‍ദ്ധനവ്. ഒരാഴ്ചയ്ക്കിടെ മാത്രം 6550 പേര്‍ക്ക് തിരുവനന്തപുരത്ത് രോഗം ബാധിച്ചു. രോഗികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ രോഗബാധ നിയന്ത്രണാതീതമായേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നു.


രോഗപ്രതിരോധ നിയന്ത്രണങ്ങള്‍ എല്ലാം മറികടന്ന് സമരങ്ങള്‍ നടന്ന തലസ്ഥാന ജില്ലയിലാണ് രോഗബാധ കൂടുതല്‍ എന്നത് ശ്രദ്ധേയമാണ്. രോഗികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ പ്രതിപക്ഷം സമരങ്ങള്‍ അവസാനിപ്പിച്ചിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ