അവിഹിത ഗര്‍ഭം ധരിച്ച 14കാരിയെ പിതാവ് തലയറുത്ത് കൊലപ്പെടുത്തി

അവിഹിത ഗര്‍ഭം ധരിച്ച 14കാരിയെ പിതാവ് തലയറുത്ത് കൊലപ്പെടുത്തി

 

ഷാജഹാന്‍പൂര്‍ (യുപി) | അവിഹിത ഗര്‍ഭം ധരിച്ച 14കാരിയായ ദളിത് പെൺകുട്ടിയെ പിതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം തലയറുത്ത് ഓടയില്‍ തള്ളി. സിധൗലിയിലെ ദുല്‍ഹാപൂര്‍ ഗ്രാമത്തിലാണ് സംഭവം. കഴുത്തറുക്കപ്പെട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പെണ്‍കുട്ടി ആറ് മാസം ഗര്‍ഭിണിയായിരുന്നു. പിതാവിനെ പോലീസ് കസ്റ്റഡയിലെടുത്തു. സഹോദരന്‍ ഒളിവിലാണ്.


പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് അതിന് ഉത്തരവാദി ആരെന്ന് മകളോട് അന്വേഷിച്ചുവെന്നും എന്നാല്‍ അവള്‍ വെളിപ്പെടുത്തിയില്ലെന്നും പിതാവ് പോലീസിനോട് പറഞ്ഞു. മകളെ അവന് വിവാഹം ചെയ്ത് നല്‍കുവാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും എന്നാല്‍ മകള്‍ ആളെ വെളിപ്പെടുത്താതിരുന്നതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നുമാണ് പിതാവ് പറയുന്നത്.


സെപ്റ്റംബര് 24നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. പിതാവും മൂത്ത സഹോദരനും ചേര്‍ന്നാണ് കൃത്യം നടത്തിയത്. ഇതിന് ശേഷം സഹോദരന്‍ പ്രദേശത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.


ഐപിസി 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ പോലീസ് കേസടുത്തത്. സഹോദരനായി തിരച്ചില്‍ തുടരുകയാണ്. പെണ്‍കുട്ടിയുടെ ഗര്‍ഭത്തിന് കാരണക്കാരനായ ആളെയും പോലീസ് തിരയുന്നുണ്ട്.

Post a Comment

0 Comments