പണവും സമ്മാനങ്ങളും അയച്ചിട്ടുണ്ടെന്ന സന്ദേശവും ലിങ്കും ഫോണിലേക്ക് വന്നാല്‍ തുറക്കരുത്, പതിയിരിക്കുന്നത് ചതിക്കുഴി; മുന്നറിയിപ്പുമായി കേരള പൊലീസ്

പണവും സമ്മാനങ്ങളും അയച്ചിട്ടുണ്ടെന്ന സന്ദേശവും ലിങ്കും ഫോണിലേക്ക് വന്നാല്‍ തുറക്കരുത്, പതിയിരിക്കുന്നത് ചതിക്കുഴി; മുന്നറിയിപ്പുമായി കേരള പൊലീസ്


കാസര്‍കോട്: പണവും സമ്മാനങ്ങളും അയച്ചിട്ടുണ്ടന്ന സന്ദേശത്തോട് കൂടി അജ്ഞാത ഫോണ്‍നമ്പറില്‍ നിന്നുവരുന്ന ലിങ്ക് ഒരു കാരണവശാലും തുറക്കരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരം സന്ദേശങ്ങളില്‍ വിശ്വസിച്ച് ലിങ്ക് തുറന്നതിനാല്‍ പണം നഷ്ടമായവര്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിരവധിയാണ്. പേടിഎം വഴി 3500 രൂപ അക്കൗണ്ടില്‍ കയറിയെന്നും കൂടുതല്‍ അറിയാന്‍ ലിങ്ക് തുറക്കണമെന്നും പറഞ്ഞാണ് അജ്ഞാതസന്ദേശം ഫോണിലെത്തുന്നത്. എന്നാല്‍ ഇത് തട്ടിപ്പാണെന്നും ലിങ്ക് തുറന്നാല്‍ പണം പോവുമെന്നും ചൂണ്ടിക്കാട്ടിയാണ് കേരള പോലീസ് രംഗത്തെത്തിയത്.


ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ക്കാണ് സന്ദേശം വന്നത്. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ തട്ടിപ്പ് സന്ദേശം സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകളുടെ മൊബൈല്‍ഫോണുകളിലാണെത്തിയത്. ചതി തിരിച്ചറിയാതെ പലരും ലിങ്ക് തുറക്കുകയും അക്കൗണ്ട് പരിശോധിക്കുകയും ചെയ്തു. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായപ്പോഴേക്കും പണം പോയിരുന്നു.


ഈ മൊബൈലില്‍ തിരിച്ച് വിളിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് എന്ന മറുപടിയും ലഭിക്കുന്നു. ഇത് സംബന്ധിച്ച് പരാതി വന്ന് തുടങ്ങിയതോടെ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസും രംഗത്തുവരികയായിരുന്നു. അറിയാത്ത ആരും പണമയക്കില്ലെന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാവണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ഫേസ്ബുക്കിലെ വ്യാജ ഐ.ഡിയിലൂടെ ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ ധനസമ്പാദനം നടത്തുന്നുണ്ട്. വിദേശികളുടെ ഫോട്ടോയും വ്യാജ അക്കൗണ്ടുകളും ഉപയോഗിച്ച് കേരളത്തിനകത്തും പുറത്തും തട്ടിപ്പ് സജീവമായിരിക്കുകയാണിപ്പോള്‍. ഫേസ്ബുക്കിലൂടെ പേരും മേല്‍വിലാസവും മനസിലാക്കിയ ശേഷമാണ് തട്ടിപ്പിന് തുടക്കമിടുന്നത്. ഫേസ്ബുക്കിലെ പരിചയം മുതലെടുത്ത് വാട്സ്ആപ് നമ്പര്‍ വാങ്ങി അതുവഴിയും തട്ടിപ്പ് തുടരുന്നുണ്ട്.


വിദശത്തുനിന്നാണെന്ന് പരിചയപ്പെടുത്തി വിലപിടിപ്പുള്ള സമ്മാനങ്ങളും ലക്ഷക്കണക്കിന് രൂപയും പാര്‍സലായി അയച്ചിട്ടുണ്ടെന്ന് സന്ദേശമയക്കും. പാര്‍സല്‍ ഡെല്‍ഹി എയര്‍പോര്‍ട്ടിലെത്തിയിട്ടുണ്ടെന്നും അവിടെ 35,500 രൂപ അടച്ചാല്‍ ഉടന്‍ തന്നെ അത് കേരളത്തിലേക്ക് അയക്കുമെന്നുമാണ് അടുത്ത സന്ദേശം. പണമടക്കാന്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്റേതാണെന്ന് പറഞ്ഞ് അക്കൗണ്ട് നമ്പറും ഫോണിലയക്കുന്നു. ലക്ഷങ്ങളുടെ സമ്മാനങ്ങള്‍ അടങ്ങിയ പാര്‍സല്‍ ലഭിക്കാന്‍ 35,500 രൂപ പോയാലും സാരമില്ലെന്ന ധാരണയില്‍ ഇത്രയും തുക അടക്കാന്‍ പലരും തയ്യാറാകുന്നു. എന്നാല്‍ പാര്‍സല്‍ ഒരിക്കലും കിട്ടില്ലെന്ന് മാത്രമല്ല 35,500 രൂപ നഷ്ടമാകുകയും ചെയ്യും. പാര്‍സലില്‍ പണം അയക്കുന്നത് നിയമവിരുദ്ധമാണെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരാണ് തട്ടിപ്പില്‍ കുടുങ്ങുന്നവര്‍ ഏറെയും.


ബാങ്ക് ഇടപാടുകാരുടെ അക്കൗണ്ട് നമ്പര്‍ സ്വന്തമാക്കാന്‍ പല കുറുക്ക് വഴികളും ഫേസ്ബുക്ക് വ്യാജന്‍മാര്‍ കണ്ടെത്തുന്നുണ്ട്. തന്റെ വേണ്ടപ്പെട്ടവരെല്ലാം മരിച്ചുപോയെന്നും ഒറ്റക്കായ താന്‍ മരിക്കാറായെന്നും തന്റെ സമ്പാദ്യമെല്ലാം അയച്ചുതരാമെന്നും അതിനായി അക്കൗണ്ട് നമ്പര്‍ നല്‍കണമെന്നുമായിരിക്കും ഇവരുടെ ആവശ്യം. ഈ പ്രലോഭനത്തില്‍ കുടുങ്ങുന്നവരെല്ലാം സാമ്പത്തിക തട്ടിപ്പിന് ഇരകളാകുന്നു. ജീവകാരുണ്യപ്രവര്‍ത്തകരായി അഭിനയിച്ചും തട്ടിപ്പ് സംഘങ്ങള്‍ തങ്ങളുടെ കാര്യം നേടുന്നു.

Post a Comment

0 Comments