തിരുവനന്തപുരം : ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ ഉയർത്തിയ കലാപക്കൊടി ബിജെപിയിൽ സംഘടനാ പ്രതിസന്ധി രൂക്ഷമാക്കുന്നു. ജില്ലകൾ തോറുമുള്ള പുനഃസംഘടനയിൽ അതൃപ്തിയുള്ളവരെ സംഘടിപ്പിച്ച് നീക്കം നടത്താൻ ഒരുങ്ങുകയാണ് ശോഭാ സുരേന്ദ്രൻ. സംസ്ഥാന നേതൃത്വത്തിനെതിരെ ജില്ലാ തലത്തിൽ ഒപ്പ് ശേഖരണം നടത്തി കേന്ദ്ര നേതൃത്വത്തിന് പരാതി അയക്കാനാണ് നീക്കം.
തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ കെ.സുരേന്ദ്രൻ പക്ഷം ആണെന്നാണ് ശോഭയുടെ ആരോപണം. തനിക്കെതിരെ ഇപ്പോഴും ഗൂഢാലോചന നടക്കുന്നു. ഇക്കാര്യങ്ങൾ കേന്ദ്ര നേതൃത്വം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 24 നേതാക്കൾ ഒപ്പിട്ട കത്ത് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ശോഭയ്ക്ക് പിന്നാലെ അതൃപ്തി പരസ്യമാക്കിയ പി എം വേലായുധൻ അടക്കമുള്ളവരുടെ പിന്തുണ ഇതിനുണ്ട്.
അതേസമയം പാർട്ടി വിടാൻ ഉള്ള ഒരു വിഭാഗത്തിന്റെ നീക്കമാണ് ഇതിന് പിന്നിൽ എന്നാണ് ഔദ്യോഗിക വിഭാഗത്തിൻറെ നിലപാട്. നേതാക്കൾക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടിയെ മോശമായി ചിത്രീകരിക്കാൻ ആണ് നീക്കം. ഭരണപക്ഷത്തെ ഒരു പ്രധാന പാർട്ടി നേതാക്കളുമായി ശോഭാ സുരേന്ദ്രൻ ആശയവിനിമയം നടത്തി വരുന്നതായും ഇവർ ആരോപിക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ബിജെപിയിൽ രൂപപ്പെട്ട പ്രതിസന്ധി വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇതിനൊപ്പം ജില്ലകളിൽ നിന്നും കൂടുതൽ ആളുകൾ ചേരാതിരിക്കാൻ ഉള്ള മുൻകരുതലും സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നുണ്ട്.
0 Comments