പദ്ധതികളുടെ രഹസ്യ വിവരങ്ങള്‍ വാട്‌സ്ആപിലൂടെ സ്വപ്‌നയ്ക്ക് കൈമാറി; ശിവശങ്കര്‍ സമ്മതിച്ചെന്ന് ഇഡി

പദ്ധതികളുടെ രഹസ്യ വിവരങ്ങള്‍ വാട്‌സ്ആപിലൂടെ സ്വപ്‌നയ്ക്ക് കൈമാറി; ശിവശങ്കര്‍ സമ്മതിച്ചെന്ന് ഇഡി

 

കൊച്ചി: സര്‍ക്കാരുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ എം ശിവശങ്കര്‍ സ്വപ്‌നയ്ക്ക് കൈമാറിയെന്ന് ഇഡി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെ ഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങളാണ് ശിവശങ്കര്‍ സ്വപ്‌നയ്ക്ക് കൈമാറിയതെന്നും ഇക്കാര്യം ശിവശങ്കര്‍ സമ്മതിച്ചതായും ഇഡി വ്യക്തമാക്കി. 


കെഫോണിന്റേയും ലൈഫ് മിഷന്റേയും രഹസ്യ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്‌നയ്ക്ക് കൈമാറിയതിന്റെ വാട്‌സ്ആപ്പ് ചാറ്റുകളുണ്ടെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. ശിവശങ്കര്‍ ഒരു ഗൂഢപദ്ധതിയുടെ ഭാഗമായാണ് പ്രവര്‍ത്തിച്ചത് എന്നാണ് ഇത് സൂചിപ്പിക്കുന്നത് എന്നും ഇഡി പറഞ്ഞു. 


അതിനിടെ ലൈഫ് മിഷന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഇഡിക്ക് എങ്ങനെ സാധിക്കുമെന്ന് കോടതി ചോദിച്ചു. സ്വര്‍ണക്കടത്തും ലൈഫ് മിഷന്‍ പദ്ധതിയും തമ്മില്‍ ബന്ധമുണ്ടെന്നായിരുന്നു ഇതിന് ഇഡി നല്‍കിയ മറുപടി.


ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഏഴ് ദിവസം കൂടി നീട്ടണമെന്ന് ഇഡി ആവശ്യപ്പെട്ടു. കസ്റ്റഡി കാലാവധി ആറ് ദിവസം കൂടി കോടതി നീട്ടി നല്‍കിയിട്ടുണ്ട്. ആദ്യ ദിവസങ്ങളില്‍ ശിവശങ്കര്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ല. അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് കോടതി ആറ് ദിവസം കൂടി നീട്ടി നല്‍കിയത്. ഈ മാസം 11ന് ശിവശങ്കറിനെ വീണ്ടും ഹാജരാക്കണം. അന്ന് ശിവശങ്കറിന്റെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.

Post a Comment

0 Comments