വെള്ളിയാഴ്‌ച, നവംബർ 13, 2020

 

കായംകുളം : പൂട്ടിക്കിടന്ന വീട്ടിനുള്ളില്‍ പത്തുവയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തിയൂര്‍ കിഴക്ക് ചെറിയ പത്തിയൂര്‍ അശ്വതിയില്‍ വാടകയ്ക്ക് താമസിക്കുന്ന ശാലിനി (സുല്‍ഫത്ത് ) - മുഹമ്മദ് അനസ് ദമ്പതികളുടെ മകന്‍ മുഹമ്മദ് അന്‍സിലിനെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. 


ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് സംഭവം. വീടിനുള്ളില്‍ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങിയ നിലയിലായിരുന്നു കുട്ടി. പൂട്ടിക്കിടന്ന വീട്ടില്‍ അനുജന്‍ മുഹമ്മദ് അജിനും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം ഇരുവരും വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം അജിന്‍ ഉറങ്ങുകയും ചെയ്തു. 


ഉണര്‍ന്നപ്പോഴാണ് കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയ ജ്യേഷ്ഠനെ കണ്ടത്. കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ പിന്‍വാതിലിലൂടെ വീടിനുള്ളില്‍ കയറി കുട്ടിയെ രക്ഷിച്ച് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അന്‍സില്‍ പത്തിയൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ അഞ്ചാം ക്ലാസ്സില്‍ അടുത്തിടെയാണ് ചേര്‍ന്നത്. 


അമ്മ ശാലിനി മക്കലെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട ശേഷമാണ് പുറത്തു പോയിരുന്നത്. ഭര്‍ത്താവുമായി ഏറെക്കാലമായി ഇവര്‍ പിണങ്ങിക്കഴിയുകയാണ്. കരീലക്കുളങ്ങര പൊലീസ് അന്വേഷണം ആരംഭിച്ചു. 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ