മുംബൈ: വരുമാനം വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി മൊബൈൽ കമ്പനികൾ താരിഫ് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. ഐഡിയ-വൊഡാഫോൺ അഥവ വി ആണ് നിരക്ക് വർദ്ധനയുണ്ടാകുമെന്ന് വ്യക്തമാക്കുന്ന ഒരു സേവനദാതാക്കൾ. ഡിസംബറിലോ 2021 ജനുവരിയിലോ നിരക്ക് വർദ്ധന പ്രാബല്യത്തിൽ വരുമെന്നാണ് വി വ്യക്തമാക്കുന്നത്. 15 മുതൽ 20 ശതമാനം വരെ വർദ്ധനവായിരിക്കും ഉണ്ടാകുകയെന്നും വി അറിയിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണ് നിരക്ക് വർദ്ധിപ്പിക്കുന്നതെന്ന് വി വക്താവ് അറിയിച്ചു. നിലനിൽക്കണമെങ്കിൽ നിരക്ക് വർദ്ധന, സർക്കാർ സഹായം, ധനസമാഹരണം തുടങ്ങിയവ ആവശ്യമാണെന്ന് വി അറിയിച്ചു. അതേസമയം രാജ്യത്ത് ഡേറ്റ നിരക്കിന് തറവില നിശ്ചയിക്കാൻ ട്രായ് ആലോചിക്കുന്നുണ്ട്. എന്നാൽ ഇത് തങ്ങളുടെ നിരക്ക് വർദ്ധന തീരുമാനത്തെ ബാധിക്കുന്ന കാര്യമല്ലെന്നാണ് വി വ്യക്തമാക്കുന്നത്.
വൻതോതിൽ ഉപയോക്താക്കളെ നഷ്ടപ്പെട്ടതോടെയാണ് വി പ്രതിസന്ധയിൽ അകപ്പെട്ടതെന്ന് വിദഗ്ദ്ധർ സൂചിപ്പിക്കുന്നു. ജൂലൈ-സെപ്റ്റംബർ പാദത്തിൽ മാത്രം 80 ലക്ഷത്തോളം ഉപയോക്താക്കളെയാണ് വിയ്ക്ക് നഷ്ടമായത്. ഈ സാഹചര്യത്തിൽ നിരക്കു വർദ്ധനയില്ലാതെ പിടിച്ചുനിൽക്കാനാകില്ലെന്ന് വി എംഡി രവീന്ദാർ പറഞ്ഞു.
വിയ്ക്ക് കനത്ത നഷ്ടമുണ്ടായ ജുലൈ-സെപ്റ്റംബർ പാദത്തിൽ റിലയൻസ് ജിയോയ്ക്ക് 70 ലക്ഷം വരിക്കാരെ പുതിയതായി ലഭിച്ചു. അതേസമയം നിരക്കു വർദ്ധന നടപ്പാക്കുന്ന കാര്യത്തിൽ ജിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ നിരക്കുവർദ്ധന ആദ്യം നടപ്പാക്കില്ലെന്ന് എയർടെൽ വ്യക്തമാക്കി. മറ്റു കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കുമ്പോൾ സ്വാഭാവികമായും എയർടെലും അങ്ങനെ ചെയ്യുമെന്ന് സിഇഒ ഗോപാൽ വിറ്റാൽ പറഞ്ഞു.
അതേസമയം അടുത്ത വർഷം ആദ്യം തന്നെ എയർടെൽ പ്ലാനുകളുടെ അടിസ്ഥാന നിരക്ക് 100 രൂപയായി ഉയർത്തിയേക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ട്. നിലവിൽ എയർടെൽ പ്ലാനുകളുടെ കുറഞ്ഞ നിരക്ക് 45 രൂപ മുതലാണ്. ഇപ്പോഴത്തെ താരിഫ് സുസ്ഥിരമല്ലെന്നും, നിരക്കു വർദ്ധന ഉപയോക്താക്കൾ പ്രതീക്ഷിക്കണമെന്നും എയർടെൽ സ്ഥാപകൻ സുനിൽ മിത്തൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

0 Comments