ബെംഗളുരു: നവജാത ശിശുവിനെ വിൽക്കാൻ ശ്രമിച്ച സർക്കാർ ആശുപത്രിയിലെ ഡോക്ടറും നഴ്സുമാരും അറസ്റ്റിൽ. മാതാവിനെ ഭീഷണിപ്പെടുത്തിയാണ് ഇരുവരും കുഞ്ഞിനെ വിൽക്കാൻ ശ്രമം നടത്തിയത്. ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ ചൊവ്വാഴ്ച്ചയാണ് ജീവനക്കാരെ അറസ്റ്റ് ചെയ്തത്.
55,000 രൂപയ്ക്കാണ് ഇവർ കുഞ്ഞിനെ വിറ്റത്. ബാലകൃഷ്ണ എന്നാണ് ഡോക്ടറുടെ പേര്. മാർച്ച് 14നാണ് കൽപന എന്ന് പേരുള്ള സ്ത്രീ ബെംഗളുരുവിലെ എംഎസ്ഡിഎം സർക്കാർ ആശുപത്രിയിൽ പ്രവേശിക്കുന്നത്. എന്നാൽ യുവതിയെ ശുശ്രൂഷിക്കാൻ ആശുപത്രിയിൽ ആരുമില്ലാത്തതിനാൽ ചിക്മംഗലൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അവിവാഹിതയായ കൽപനയെ ചികിത്സിച്ച ബാലകൃഷ്ണ യുവതിയെ ഭീഷണിപ്പെടുത്തിയാണ് കുഞ്ഞിനെ വിറ്റത്. വിവാഹത്തിന് മുമ്പ് ഗർഭിണിയായ യുവിതയെ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഡോക്ടറുടേയും നഴ്സിന്റേയും നീക്കം. വിദ്യാഭ്യാസം കുറവായ സ്ത്രീ ഡോക്ടറുടെ ഭീഷണി വിശ്വസിച്ചു.
കുഞ്ഞിനെ പരിപാലിക്കാൻ യുവതിക്ക് സാധ്യമല്ലെന്നും അതിനാൽ കുഞ്ഞിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് പോകാനുമായിരുന്നു ഡോക്ടറുടെ നിർദേശം. പ്രസവം കഴിഞ്ഞ് ആറ് ദിവസത്തിന് ശേഷം യുവതിക്ക് ഡിസ് ചാർജ് കൊടുക്കാതിരുന്ന ഡോക്ടർ കുഞ്ഞിനെ 5,000 രൂപയ്ക്ക് വാങ്ങാൻ ആളുണ്ടെന്നും അറിയിച്ചു. പിന്നീട് കുഞ്ഞിനെ 55,000 രൂപയ്ക്കാണ് ഡോക്ടർ വിറ്റത്.
ആശുപത്രിയിലെ നഴ്സുമാരായ ശോഭ, രേശ്മ എന്നിവരുടെ സഹായത്തോടെയാണ് ഡോക്ടർ കുഞ്ഞിനെ വിറ്റതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ആശുപത്രി രേഖകളിൽ കൃത്രിമം കാണിച്ചാണ് നഴ്സുമാർ കുഞ്ഞിനെ വിൽക്കാൻ ഡോക്ടറെ സഹായിച്ചത്. ആശുപത്രി രേഖകളിൽ കൽപ്പനയുടെ പേരിന് പകരം പ്രേമ എന്ന സ്ത്രീയാണ് കുഞ്ഞിന് ജന്മം നൽകിയതെന്ന് ഇവർ എഴുതി ചേർക്കുകയായിരുന്നു. മാർച്ച് 20 നാണ് കൽപന പെൺകുഞ്ഞിന് ജന്മം നൽകിയത്.
ആശുപത്രിയിൽ നിന്നും എൻജിഒ സംഘടനയായ ഉജ്വലയിൽ എത്തിയ കൽപന കുഞ്ഞിനെ നിർബന്ധിതമായി പിരിയേണ്ടി വന്നതിൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ഉജ്വല പ്രവർത്തകർ സംഭവം അറിഞ്ഞതോടെ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറും നഴ്സുമാരും ചേർന്ന് കുഞ്ഞിനെ വിറ്റതായി കണ്ടെത്തിയത്.
കുഞ്ഞിനെ ഉടൻ തന്നെ കൽപനയ്ക്ക് തിരികെ ലഭിക്കുമെന്ന് പൊലീസ് അറിയിച്ചു.
0 Comments