തിരുവനന്തപുരം: യുഡിഎഫ് എംഎല്‍എമാരായ വി ഡി സതീശനും അന്‍വര്‍ സാദത്തിനുമെതിരായ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതിയില്ല. അന്വേഷണത്തിന് പര്യാപ്തമായ തെളിവുകള്‍ പരാതിക്കാര്‍ക്ക് ഹാജരാക്കാനായിട്ടില്ലെന്ന് വിലയിരുത്തിയാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അനുമതി അപേക്ഷ മടക്കിയത്. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയാല്‍ വീണ്ടും പരിശോധിക്കാമെന്ന് സ്പീക്കര്‍ ആഭ്യന്തരവകുപ്പിനെ അറിയിച്ചു.
വി ഡി സതീശന്‍ പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിക്ക് ചട്ടങ്ങള്‍ മറികടന്ന് വിദേശസഹായം കൈപ്പറ്റിയെന്നായിരുന്നു പരാതി. നേരത്തേ നല്‍കിയ പരാതി ആഭ്യന്തരവകുപ്പുതന്നെ തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ കേസും അന്വേഷണവും പ്രധാനവിഷയമായി ഉയര്‍ന്നുതുടങ്ങിയപ്പോഴാണ് നേരത്തേയുള്ള അതേ പരാതിക്കാരന്‍ വിജലന്‍സിന് വീണ്ടും പരാതിനല്‍കിയത്. ഇതിലാണ് അന്വേഷണം നടത്താന്‍ വിജിലന്‍സ് സ്പീക്കറുടെ അനുമതിതേടിയത്.
ചട്ടംലംഘിച്ച് വിദേശപണം വാങ്ങിയെന്ന് തെളിയിക്കാനുള്ള രേഖകളൊന്നും പരാതിക്കാരന് ഹാജരാക്കാനായിട്ടില്ലെന്ന് സ്പീക്കര്‍ വിലയിരുത്തി. പുനര്‍ജനി പദ്ധതിക്ക് വിദേശസഹായം വാങ്ങിയതിനെക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വിജിലന്‍സിന് പരാതി നല്‍കിയ അതേ പരാതിക്കാരനാണ് ഹൈക്കോടതിയെയും സമീപിച്ചത്. ഇത് കോടതി തള്ളി.
ആലുവയില്‍ പാലം നിര്‍മാണം വകയിരുത്തിയ തുകയേക്കാളും വര്‍ധിപ്പിച്ചാണ് പൂര്‍ത്തിയാക്കിയതെന്നായിരുന്നു അന്‍വര്‍ സാദത്തിനെതിരേയുള്ള പരാതി. ചെലവ് അധികം വന്നത് എംഎല്‍എയുടെ ഇടപെടലിന്റെ ഫലമായിട്ടാണെന്നായിരുന്നു ആരോപണം. എന്നാല്‍, പാലം നിര്‍മാണത്തിന്റെ എസ്റ്റിമേറ്റ് പുതുക്കിയതാണെന്ന് സ്പീക്കര്‍ വിലയിരുത്തി. മാത്രവുമല്ല, ചെലവുകൂടാന്‍ എംഎല്‍എയുടെ പങ്കാളിത്തം എന്താണെന്ന് വ്യക്തമാക്കാനും പരാതിക്കാരന് കഴിഞ്ഞിട്ടില്ല.
0 Comments