ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്‌; കീഴടങ്ങാന്‍ എത്തിയ പ്രതി അറസ്റ്റില്‍

ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്‌; കീഴടങ്ങാന്‍ എത്തിയ പ്രതി അറസ്റ്റില്‍

 

കാസര്‍കോട്‌: ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്‌ കേസുകളില്‍ ഒന്നില്‍ കോടതി നിര്‍ദ്ദേശ പ്രകാരം കീഴടങ്ങാന്‍ എത്തിയ പ്രതിയെ മറ്റൊരു കേസില്‍ അറസ്റ്റ്‌ ചെയ്‌തു. ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറിയുടെ ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദിനെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. രണ്ടു കേസുകളാണ്‌ ആബിദിനെതിരെയുള്ളത്‌. ഇവയില്‍ ഒന്നില്‍ സൈനുല്‍ ആബിദ്‌ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ജാമ്യം അനുവദിച്ചില്ല. പകരം അന്വേഷണ ഉദ്യോഗസ്ഥന്‌ മുന്നില്‍ ഹാജരാകാനും ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരായി നിയമപരമായ രീതിയില്‍ ജാമ്യാപേക്ഷ നല്‍കാനായിരുന്നു കോടതി നിര്‍ദ്ദേശം. ഇതനുസരിച്ചാണ്‌ ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിന്‌ മുന്നില്‍ എത്തിയത്‌. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയ കേസ്‌ അന്വേഷിക്കുന്ന ഇന്‍സ്‌പെക്‌ടര്‍ തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്കു പോയതിനാല്‍ സ്ഥലത്ത്‌ ഉണ്ടായിരുന്നില്ല. അതിനാല്‍ കോടതി നിര്‍ദ്ദേശ പ്രകാരം കീഴടങ്ങാന്‍ കഴിയാതിരുന്ന സൈനുല്‍ ആബിദിനെ മറ്റൊരു കേസില്‍ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. ഉദുമ, പാക്യാരയിലെ മുഹമ്മദ്‌ ഹാസിന്റെ പരാതിയിലുള്ള കേസ്‌ അന്വേഷിക്കുന്ന ഡിവൈ എസ്‌ പി പി കെ ദാമോദരന്‍ ആണ്‌ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌. പത്ത്‌ ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ്‌ കേസ്‌. പ്രതിയെ ചോദ്യം ചെയ്‌ത ശേഷം വൈദ്യ പരിശോധനയ്‌ക്ക്‌ ഹാജരാക്കി. ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന്‌ അന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു.

Post a Comment

0 Comments