കാഞ്ഞങ്ങാട് തീരത്ത് ചത്തുപൊങ്ങിയത് 10 ടണ്ണിലധികം ഭാരമുള്ള കൂറ്റന്‍ തിമിംഗലം; ​അറബിക്കടലില്‍ തിമിംഗല വേട്ടയെന്ന് സംശയം

കാഞ്ഞങ്ങാട് തീരത്ത് ചത്തുപൊങ്ങിയത് 10 ടണ്ണിലധികം ഭാരമുള്ള കൂറ്റന്‍ തിമിംഗലം; ​അറബിക്കടലില്‍ തിമിംഗല വേട്ടയെന്ന് സംശയം

  

കാസര്‍കോട്: ജില്ലയുടെ തീരത്ത് കടലില്‍ കൂറ്റന്‍ തിമിംഗലത്തിന്‍റെ ജഡം ഒഴുകിനടക്കുന്നു. കാസര്‍കോട് തീരദേശ പോലീസിന്‍റെ പട്രോളിംഗ് സംഘമാണ് ജഡം കണ്ടെത്തിയത്. പത്തു ടണ്ണിലധികം ഭാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന തിമിംഗലത്തിന് 30 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുണ്ടെന്ന് എഎസ്ഐ സെയ്ഫുദ്ദീന്‍ നീലേശ്വരം പറഞ്ഞു. കൊച്ചിയിലുള്ള സമുദ്രഗവേഷണ സര്‍വകലാശാലാ അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്.


വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് കാസര്‍കോട് തീരദേശ സേന കടലില്‍ പതിവ് പട്രോളിങ് ആരംഭിച്ചത്. ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് എഎസ്ഐമാരായ സെയ്ഫുദ്ദീന്‍, അസീസ്, വാര്‍ഡന്‍ രമേശന്‍ മയ്യിച്ച, സ്‌പെഷല്‍ മറൈന്‍ ഹോംഗാര്‍ഡ് ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തളങ്കരയില്‍ നിന്ന് പുറപ്പെട്ടത്. ഉച്ചയോടെ കാഞ്ഞങ്ങാടിന്റെ തീരപ്രദേശത്ത് എത്തിയിരുന്നു. അപ്പോഴാണ് ബോട്ട് ഡ്രൈവര്‍ നാരായണന്‍ കടലില്‍ ഒരു മല പ്രത്യക്ഷപ്പെട്ടത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഏഴിമലയായിരാക്കാമെന്നാണ് ആദ്യം സംശയിച്ചത്. തുടര്‍ന്ന് മലയുടെ അടുത്തെത്തിയപ്പോഴാണ് ചത്ത തിമിംഗലമാണെന്ന് മനസിലായത്.


നീലേശ്വരത്തിനും കാഞ്ഞങ്ങാടിനുമിടയില്‍ 10 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ജഡം കണ്ടെത്തിയത്. ദുര്‍ഗന്ധം കാരണം പിന്നീട് അടുത്തേക്ക് പോകാന്‍ ബോട്ടിലുള്ളവര്‍ക്ക് കഴിഞ്ഞില്ല. തീരത്തടയണമെങ്കില്‍ ഇനിയും ആഴ്ചകള്‍ പിടിക്കും. ജഡത്തിന് ഒരുമാസത്തെ പഴക്കമെങ്കിലുമുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. മറവ് ചെയ്യണമെങ്കില്‍ സമുദ്രഗവേഷണ കേന്ദ്രത്തിന്റെയും കേന്ദ്രത്തിന്റെയും അനുമതി വേണമെന്നാണ് അധികൃതര്‍ പറയുന്നത്.


കടലില്‍ തിമിംഗല വേട്ട നടക്കുന്നതായി അധികൃതര്‍ക്ക് സംശയമുണ്ട്. രണ്ട് വര്‍ഷം മുമ്പ് ജില്ലയുടെ തീരപ്രദേശത്ത് പത്തോളം തിമിംഗലങ്ങള്‍ ചത്ത് ജഡം കരക്കടിഞ്ഞിരുന്നു. തിമിംഗലത്തിന്റെ ശരീരത്തില്‍ നിന്ന് വിലകൂടിയ ആഡംബര സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ചേരുവ ശേഖരിക്കുന്നതിനായി ഇവയെ കൊല്ലുന്നവരുണ്ട്. തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്പര്‍ഗ്രിസിന് കിലോവിന് കോടിയോളം വിലയാണ് ലഭിക്കുന്നത്. കാലാവസ്ഥാവ്യതിയാനവും കപ്പലുകള്‍ ഇടിച്ചും തിമിംഗലങ്ങള്‍ ചത്തുപോകാമെന്നും അധികൃതര്‍ പറയുന്നു.


Post a Comment

0 Comments