സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ സൌകര്യങ്ങളിൽ അപര്യാപ്തതയേറി തുടങ്ങി. കഴിഞ്ഞ ദിവസം ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് കോവിഡ് രോഗിയെ ബൈക്കിൽ കൊണ്ടുപോയത് വലിയ വാർത്തയായിരുന്നു. നാട്ടിൽ ആംബുലൻസ് ക്ഷാമം രൂക്ഷമായതോടെ, സ്വന്തം ഓട്ടോറിക്ഷ തന്നെ ആംബുലൻസാക്കി മാറ്റിയിരിക്കുകയാണ് കൊല്ലം പരവൂരിലെ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. പരവൂർ സ്വദേശിയായ വിജയ് ആണ് സ്വന്തം ഓട്ടോറിക്ഷ ആംബുലൻസാക്കി മാറ്റിയത്.
പരവൂർ മുൻസിപാലിറ്റിയിലെ ഒന്നാം ഡിവിഷനിലെ കൌൺസിലറും യൂത്ത് കോൺഗ്രസ് പരവൂർ മണ്ഡലം പ്രസിഡന്‍റുമാണ് വിജയ്. പരവൂർ നഗരസഭാ പരിധിയിൽ കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യമുണ്ട്.
ഇപ്പോഴത്തെ നിലയിൽ കാര്യങ്ങൾ പോയാൽ, ഗുരുതര രോഗികളുടെ എണ്ണം വർദ്ധിക്കുമെന്നും വൈകാതെ ആംബുലൻസ് ക്ഷാമം രൂക്ഷമാകുമെന്നുമാണ് വിജയ് കരുതുന്നത്. ഇത്തരമൊരു സാഹചര്യം മുന്നിൽ കണ്ടാണ് വിജയ് തന്‍റെ ഓട്ടോറിക്ഷ ആംബുലൻസാക്കി മാറ്റിയത്.
ഏതായാലും വിജയ് എന്ന യൂത്ത് കോൺഗ്രസ് നേതാവും അദ്ദേഹത്തിന്‍റെ ഓട്ടോറിക്ഷയും ഇതിനോടകം സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി കഴിഞ്ഞു. നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് കമന്‍റുകളും പിന്തുണയും അറിയിക്കുന്നത്.
0 Comments