കാഞ്ഞങ്ങാട് നഗരസഭയിൽ രണ്ട് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ശിപാർശ

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭയിൽ രണ്ട് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ശിപാർശ



കാഞ്ഞങ്ങാട്: നഗരസഭയിൽ മോശം പെരുമാറ്റവും നിർമ്മാണ പ്രവർത്തനങ്ങളിൽ അലസതയും പതിവാക്കിയ രണ്ട് ഓവർസീയർമാർക്കെതിരെ നടപടിക്ക് ശിപാർശ. ഇന്ന് രാവിലെ ചേർന്ന നഗരസഭ കൗൺസിൽ അടിയന്തിര യോഗത്തിന്റെ ഭരണ -പ്രതിപക്ഷ ഭേദമന്യേയുള്ള ഏകകണ്ഠമായ തീരുമാനത്തെ തുടർന്നാണ് ചെയർപേഴ്സൺ കെ.വി. സുജാത നടപടി പ്രഖ്യാപിച്ചത്.


കുന്നുമ്മൽ നെല്ലിക്കാട്ട് റോഡ് കിളച്ചിട്ട് മാസങ്ങളോളം കോൺക്രീറ്റ് ചെയ്യാതെ കാൽനട യാത്രക്കാരെയും, വാഹന യാത്രക്കാരേയും ഒരുപോലെ ബുദ്ധിമുട്ടിച്ച ഓവർസീയർ മോഹനൻ സംഭവത്തിൽ ന്യായമായ വിശദീകരണം എത്രയും വേഗം ചെയർപേഴ്സണ് നൽകണം. മറ്റൊരു ഓവർസീയർ കെ. ജയരാജൻ നഗരസഭ അധ്യക്ഷയോടടക്കം ധിക്കാരപരമായും അപമര്യാദയായും പെരുമാറിയെന്നതിന് ജയരാജന് എതിരെ വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്യാൻ മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെടാനുമാണ് കാൺസിൽ  തീരുമാനിച്ചത്.


നഗരസഭയിൽ നാളുകളായി തുടരുന്ന ചില ഉദ്യോഗസ്ഥരുടെ മേൽക്കോയ്മകളിൽ ഭരണപക്ഷ കൗൺസിലർമാരിൽ പലരും കടുത്ത ഭാഷയിൽ സംസാരിച്ചു. നഗരസഭയിൽ എല്ലാ മാസവും ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത്് മാസം പകുതിയും കഴിഞ്ഞതിന് ശോഷമാണെന്ന് അധ്യക്ഷ പരിതപിച്ചു. ഇത് ഉദ്യോഗസ്ഥരുടെ കുറ്റം കൊണ്ടാണ്. അധ്യക്ഷയുടെ കാർ ഡ്രൈവർ ഷാലുവിന്റെ ശമ്പളവും ബോധപൂർവ്വം ഓവർസീയർ കെ. ജയരാജൻ വൈകിപ്പിക്കുന്നുവെന്ന് അധ്യക്ഷ പരാതിപ്പെട്ടു.


വീഴ്ചകളെക്കുറിച്ച് കെ. ജയരാജനോട് അധ്യക്ഷ സംസാരിച്ചപ്പോൾ, “ആക്കുംപോലെ…….ആക്ക്” എന്ന് ജയരാജൻ പറഞ്ഞുവത്രെ. അങ്ങിനെ ആ ഉദ്യോഗസ്ഥൻ പറഞ്ഞിട്ടുണ്ടെങ്കിൽ, അപ്പോൾ തന്നെ അയാൾക്ക് പണി കൊടുക്കണമായിരുന്നുവെന്ന് കൗൺസിലർ സിപിഎമ്മിലെ പള്ളിക്കൈ രാധാകൃഷ്ണൻ പറഞ്ഞു. ഉദ്യോഗസ്ഥരുടെ മനസ്സ് മാറണം.  ധാർഷ്ട്യം നഗരത്തിലെ ജനങ്ങളോട് പാടില്ലെന്നും പള്ളിക്കൈ പറഞ്ഞു.


മൂന്നാം നമ്പർ കല്ലുപയോഗിച്ച് നിർമ്മാണ പ്രവൃത്തി നടത്താൻ തുനിഞ്ഞ ഒരു നഗരസഭ കരാറുകാരനോട് ആ കല്ല് പറ്റില്ലെന്നും മാറ്റണമെന്നും കർശ്ശനമായി നിർദ്ദേശിച്ചതാണ് തനിക്കെതിരെ കരാറുകാരനും മറ്റു ചിലരും ആരോപണം കൊണ്ടുവരാൻ കാരണമെന്ന് കെ. ജയരാജൻ കൗൺസിൽ മുമ്പാകെ വിശദീകരിച്ചു. കൗൺസിലർമാർ ജനങ്ങളുടെ ആവശ്യവുമായി ഉദ്യോഗസ്ഥരെ സമീപിക്കുന്നത് പല ഉദ്യോഗസ്ഥർക്കും ദഹിക്കുന്നില്ലെന്നും,  ഈ നില മാറിവരണമെന്നും കൗൺസിലർ ലീഗിലെ ടി.കെ. സുമയ്യ ആരോപിച്ചു.


ഓവർസീയർ കെ. ജയരാജൻ ബോധപൂർവ്വം ഫയലുകൾ വൈകിപ്പിക്കുന്നുവെന്നും, ഉദ്യോഗസ്ഥരുടെ ദുർമുഖം കാണേണ്ട ഗതികേടിലാണ് കൗൺസിലർമാരെന്നും കാര്യങ്ങൾ ചെയ്തുകിട്ടാൻ ഇരക്കേണ്ട സ്ഥിതിയാണെന്നും കൗൺസിലർ ഐഎൻഎലിലെ ഫൗസിയ യോഗത്തിൽ ആരോപിച്ചു. നവംബർ മാസത്തെ ശമ്പളം ഉദ്യോഗസ്ഥന്റെ മർക്കട മുഷ്ടി മൂലം ഇന്ന് ഡിസംബർ 17 വരെ കൊടുത്തിട്ടില്ലെന്നും അധ്യക്ഷ കെ.വി. സുജാത അംഗങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞു. നഗരസഭ ഭരിക്കുന്നത് ഒരു കരാറുകാരനാണെന്ന് കൗൺസിലർ ലീഗിലെ സി.എച്ച് സുബൈദ ആരോപിച്ചു.

Post a Comment

0 Comments