LATEST UPDATES

6/recent/ticker-posts

ഉള്ളാളിൽ മെഡിക്കല്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ മലയാളിയായ കാമുകൻ അറസ്റ്റിൽ

 


മംഗളൂരു: മംഗളൂരുവിനടുത്ത ഉള്ളാളിലെ കുത്താര്‍ അപ്പാര്‍ട്ടുമെന്റില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവവവുമായി ബന്ധപ്പെട്ട് മലയാളിയായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിദാര്‍ ജില്ലയിലെ ആനന്ദ്‌നഗര്‍ നിവാസിയായ വിജയകുമാര്‍ ഗെയ്ക്വാദിന്റെ മകള്‍ വൈശാലി ഗെയ്ക്വാദ് (25) ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാലക്കാട് സ്വദേശി സുജീഷിനെ(24)യാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സുജീഷിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. സുജീഷ് വൈശാലിയുമായുള്ള പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറിയതാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. സുജീഷും വൈശാലിയും ഒരേ ബാച്ചില്‍ എംബിബിഎസ് പഠിക്കുന്നവരാണ്. ഇതിനിടയിലാണ് രണ്ടുപേരും പ്രണയത്തിലായത്. ഇരുവരും ഒരേ അപ്പാര്‍ട്ടുമെന്റില്‍ താമസവും തുടങ്ങിയതോടെ ബന്ധം ശക്തമായി. പിന്നീട് ഇരുവരും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ടായതോടെ സുജീഷ് വൈശാലിയുമായുള്ള ബന്ധം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. ഇതുമുലമുണ്ടായ കടുത്ത മനോവിഷമമാണ് വൈശാലിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. സുജീഷ് നാട്ടിലേക്ക് പോയതോടെ വൈശാലിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ സംശയം തോന്നിയ വൈശാലിയുടെ സുഹൃത്തുക്കള്‍ ഞായറാഴ്ച അപ്പാര്‍ട്ടുമെന്റിലെത്തിയപ്പോള്‍ വാതിലടച്ച നിലയിലായിരുന്നു. വാതില്‍ തുറന്നപ്പോഴാണ് വൈശാലിയെ മരിച്ച നിലയില്‍ കണ്ടത്. വൈശാലി ആത്മഹത്യ ചെയ്തതാണെന്ന് ഉറപ്പാക്കിയ പൊലീസ് സുഹൃത്തുക്കളുടെ മൊഴിയെടുത്തപ്പോഴാണ് സുജീഷുമായി പ്രണയത്തിലായിരുന്നുവെന്ന് വ്യക്തമായത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും സുജീഷിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Post a Comment

0 Comments