ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്ന ബിൽ രാജ്യസഭ പാസാക്കി

LATEST UPDATES

6/recent/ticker-posts

ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്ന ബിൽ രാജ്യസഭ പാസാക്കി

 


ന്യൂഡെൽഹി: ആധാർ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും (വോട്ടർ ഐഡി) തമ്മിൽ ബന്ധിപ്പിക്കാൻ അനുമതി നൽകുന്ന നിയമഭേദഗതി ബിൽ (‘ദ ഇലക്ഷൻ ലോസ് ബിൽ 2021‘) രാജ്യസഭ പാസാക്കി. വിശദമായ പഠനത്തിന് സഭാ സമിതിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് ബില്‍ തിരക്കിട്ട് പാസാക്കിയത്.


കഴിഞ്ഞ ദിവസം നിയമമന്ത്രി കിരൺ റിജിജു അവതരിപ്പിച്ച ബിൽ ശബ്‌ദവോട്ടുകളോടെ ലോക്‌സഭ പാസാക്കിയിരുന്നു. ബില്ലിനെതിരെ കോൺഗ്രസ്, എഐഎംഐഎം, ബിഎസ്‌പി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രതിഷേധം വകവെക്കാതെയാണ് കേന്ദ്രം ബില്ലുമായി മുന്നോട്ട് പോയത്.


സർക്കാർ നീക്കം പൗരൻമാരുടെ ഭരണഘടനാ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ആധാറും തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കുന്നതിലൂടെ പൗരൻമാരുടെ സ്വകാര്യതയ്‌ക്കുള്ള അവകാശം ലംഘിക്കപ്പെടുമെന്നും പ്രതിപക്ഷം ആരോപിച്ചു. ബിൽ പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.


കള്ളവോട്ട് തടയുക എന്നതാണ് ഭേദഗതി ബില്ലിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്നതോടെ ഇരട്ടവോട്ടും ഇല്ലാതാകും. ഒരാൾക്ക് ഒരിടത്ത് മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ. തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പൈലറ്റ് പ്രോജക്‌ട് വിജയമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഭേദഗതി നിർദ്ദേശം സർക്കാരിന് മുന്നിൽ സമർപ്പിക്കപ്പെട്ടത്.


വോട്ടർ കാർഡിൽ പേര് ചേർക്കുന്നതിനൊപ്പം ആധാർ നമ്പർ കൂടി രേഖപ്പെടുത്തണമെന്ന് ഭേദഗതി ബിൽ നിർദ്ദേശിക്കുന്നുണ്ട്. വോട്ടർ പട്ടികയിൽ നിലവിൽ പേര് ചേർത്തവരോടും തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷൻ ഉദ്യോഗസ്‌ഥർക്ക് ആധാർ നമ്പർ ചോദിക്കാം. എന്നാൽ, ആധാർ കാർഡോ നമ്പറോ ഹാജരാക്കാൻ കഴിഞ്ഞില്ല എന്ന കാരണത്താൽ ഒരാളുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താതിരിക്കരുത് എന്നും ബിൽ വ്യക്‌തമാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ളവർക്ക് മറ്റ് തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ അനുവദിക്കണമെന്നും നിർദ്ദേശിക്കുന്നു.


വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതിന് വർഷത്തിൽ നാലുപ്രാവശ്യം അവസരം നൽകുന്ന രീതിയിൽ സമയക്രമം നിശ്‌ചയിക്കണമെന്നും ബില്ലിൽ പറയുന്നു. ജനുവരി 1, ഏപ്രിൽ 1, ജൂലൈ 1, ഒക്‌ടോബർ 1 എന്നിങ്ങനെ നാല് അവസരങ്ങളിൽ വോട്ടർ പട്ടിക പുതുക്കുകയും പേര് ചേർക്കുകയും ചെയ്യാം. സൈനികർക്കും ജീവിതപങ്കാളികൾക്കും നാട്ടിലെ വോട്ടർ പട്ടികയിൽ പേര് രജിസ്‌റ്റർ ചെയ്യാൻ അവസരം നൽകും.

Post a Comment

0 Comments