LATEST UPDATES

6/recent/ticker-posts

ഡോ.പി.എ. ഇബ്രാഹിം ഹാജി: വ്യത്യസ്ത മേഖലകളിൽ ജീവിതം അടയാളപ്പെടുത്തിയ പ്രതിഭ

 ദുബായ് ∙ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വമായിരുന്ന ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ വിയോഗം പ്രവാസി മലയാളികൾക്കും നാടിനും വലിയ നഷ്ടമാണ് ഉണ്ടാക്കുക. വ്യവസായ രംഗത്തും വിദ്യാഭ്യാസ മേഖലയിലും സാമൂഹിക–ജീവകാരുണ്യ രംഗങ്ങളിലും വ്യക്തി മുദ്രകൾ പതിപ്പിച്ച അദ്ദേഹം യുഎഇയിലെ സാമൂഹിക–സാംസ്കാരിക വേദികളിലെ നിറ സാന്നിധ്യമായിരുന്നു. ഗൾഫിലും നാട്ടിലുമായി ജീവകാരുണ്യ രംഗത്ത് ഒട്ടേറെ സംഭാവനകൾ ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.


സാത്വികഭാവമുള്ള ഡോ.പി.എ.ഇബ്രാഹിം ഹാജി എപ്പോഴും മുഖത്ത് പുഞ്ചിരി കാത്തുസൂക്ഷിച്ചുകൊണ്ട് സൗമ്യനായാണ് പെരുമാറിയിരുന്നത്. യുഎഇ രൂപീകരണത്തിന് മുൻപ് 1966ൽ ഇവിടെയെത്തിയ അദ്ദേഹം കഴിഞ്ഞ 55 വര്‍ഷമായി വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അസുഖബാധിതനാകുന്നതിന് കുറച്ച് നാൾ മുൻപ് വരെ യുഎഇയിലെ പൊതു പരിപാടികളിൽ സാന്നിധ്യമറിയിച്ച അദ്ദേഹത്തിന്റെ വിയോഗം എല്ലാവരിലും കനത്ത ദുഃഖമാണുണ്ടാക്കിയത്.


1943 സെപ്റ്റംബർ ആറിന് കാസർകോട് പള്ളിക്കരയിൽ അബ്ദുല്ല ഹാജിയുടെയും ആയിഷയുടയും മകനായി ജനിച്ച ഇബ്രാഹീം ഹാജി ഗവ.മാപ്പിള എൽപി സ്കൂൾ, കോട്ടിക്കുളം ഗവ.ഫിഷറീസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ചൈന്നൈയിൽ നിന്ന് ഒാട്ടമൊബീൽ എന്‍ജിനീയറിങ് ഡിപ്ലോമ നേടിയ ശേഷം 1964 ൽ അംബാസഡർ കാർ ഡീലർമാരായ സൗത്ത് ഇന്ത്യ ഒാട്ടമൊബീലിൽ ചേർന്നു. പിറ്റേവർഷം മുംബൈയിലേയ്ക്ക് ബസ് കയറുകയും ബോംബെ സെൻട്രലിലെ വർക് സ്റ്റേഷനിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. തുടർന്ന് ബൈക്കുളയിലെ സാം ഒാട്ടമൊബീലിലും ജോലി ചെയ്തു. 


ടെക്സ്റ്റൈൽ ബിസിനസിലായിരുന്നു യുഎഇ ജീവിതത്തിന്റെ തുടക്കം. പിന്നീട്, സമൂഹത്തിന് ഗുണകരമായ മേഖലയിൽക്കൂടി പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ച് 1999ൽ പേസ് എജ്യുക്കേഷൻ ഗ്രൂപ്പ് സ്ഥാപിക്കുകയായിരുന്നു. കിൻഡർ‌ ഗാർടൻ മുതൽ ഹയർ സെക്കൻഡറി വരെ ഇന്ത്യന്‍–ബ്രിട്ടീഷ് കരിക്കുലമുള്ള ഒട്ടേറെ സ്കൂളുകൾ പേസ് ഗ്രൂപ്പിന് കീഴിലുണ്ട്. 1200 ലേറെ അധ്യാപകരും 500ലേറെ ഇതര ജീവനക്കാരും ജോലി ചെയ്യുന്നു. ഇവരിൽ ഭൂരിഭാഗവും മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ്. 25 രാജ്യങ്ങളിലെ 20000ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. 


ഇന്ത്യ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലും പേസ് ഗ്രൂപ്പിന് സ്ഥാപനങ്ങളുണ്ട്. കേരളത്തിൽ കണ്ണൂർ റിംസ് ഇൻറർനാഷനൽ സ്കൂൾ, മഞ്ചേരി പേസ് റസിഡൻഷ്യൽസ് സ്കൂൾ എന്നിവയാണ് ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ. മംഗ്ലുരുവിൽ പിഎ എൻജിനീയറിങ് കോളജടക്കം അഞ്ച് സ്ഥാപനങ്ങളുണ്ട്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടിന്റെ സ്ഥാപക വൈസ് ചെയർമാനായ ഇദ്ദേഹം ഒാട്ടമൊബീൽ ബിസിനസ് രംഗത്തും ശ്രദ്ധേയനായിരുന്നു. കോഴിക്കോട്ടെ ഇൻഡസ് മോട്ടോഴ്സ് ഇദ്ദേഹത്തിന്‍റേതാണ്. ഇന്ത്യയിലും ഗൾഫിലുമായി ആകെ 7000 ത്തിലേറെ പേർ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. 


78 വർഷത്തെ ജീവിതയാത്രയിൽ ഡോ. പി.എ.ഇബ്രാഹിം ഹാജിയെ തേടി ഒട്ടേറെ അംഗീകാരങ്ങളെത്തി. കേരള ടെക്നിക്കൽ എജ്യുക്കേഷന് വേണ്ടി പ്രവർത്തിക്കുന്ന എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഗവർണേർസ് ബോർഡംഗമായ അദ്ദേഹത്തിന് 2005ൽ പ്രവാസി രത്ന, 2017ൽ ഗർഷോം ലൈഫ് ടൈം അചീവ്മെന്റ് അവാർഡ്, 2013ൽ കെ.അവുഖാദർകുട്ടി നഹ സ്മാരക അവാർഡ്, 2016ൽ കെ.എസ്.അബ്ദുല്ല സ്മാരക അവാർഡ് എന്നിവ ലഭിച്ചു.


കൂടാതെ, മേഘാലയ യൂണിവേഴ്സിറ്റി ഒാഫ് സയൻസ് ആന്‍ഡ് ടെക്നോളജിയിൽ നിന്ന് ഒാണററി ബിരുദവും കരസ്ഥമാക്കി. അംഗീകാരങ്ങൾക്ക് പിന്നാലെ പായുന്ന സംരംഭകനായിരുന്നില്ല അദ്ദേഹം. എന്നാൽ, ഒാരോ നേട്ടങ്ങളും അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു.


വ്യവസായ പ്രമുഖൻ; വിദ്യാഭ്യാസ പ്രവർത്തകൻ വ്യവസായി എന്ന നിലയിലും വിദ്യാഭ്യാസ പ്രവർത്തകനായും ഒരുപോലെ ശോഭിച്ച ഇബ്രാഹിം ഹാജി ദുബായിലെ ടെക്സ്റ്റൈൽ ആൻഡ് ഗാർമെന്റ്സ് കമ്പനിയായ അൽ ഷമാലി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ആയാണ് വ്യവസായത്തില്‍ കാലൂന്നുന്നത്.


കോഴിക്കോട്ടെ ഇൻഡസ് മോട്ടോർ കമ്പനിയുടെ വൈസ് ചെയർമാൻ, സെഞ്ച്വറി ഇന്റർനാഷനൽ ട്രാവൽസിന്റെ ചെയർമാൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടിന്റെ സ്ഥാപക ചെയർമാനും പ്രധാന നിക്ഷേപകനും, കർണാടകയിലെ മംഗ്ലുരുവിൽ സ്ഥിതി ചെയ്യുന്ന പിഎ എൻജിനീയറിങ് കോളജിന്റെ ചെയർമാൻ എന്നീ സ്ഥാനങ്ങൾ കൂടാതെ, പിഎ ഫസ്റ്റ് ഗ്രേഡ് കോളജ്, പിഎ പ്രി യൂണിവേഴ്സിറ്റി കോളജ്, പിഎ പോളിടെക്നിക്, ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ, കുവൈത്തിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേതൃത്വം നൽകുന്നു. 


ടെക്സ്റ്റൈൽ വ്യാപാരി അസോസിയേഷൻ ടെക്സ്മാസിന്റെ മുൻ ചെയർമാനും വേൾഡ് മലയാളി കൗൺസിലിന്റെ മുൻ ഗ്ലോബൽ വൈസ് ചെയർമാനുമാണ്. അതുവഴി അദ്ദേഹം ലോകത്തെങ്ങുമുള്ള മലയാളികൾക്ക് വേണ്ടിയും പ്രവർത്തിച്ചു. യുഎഇ കെഎംസിസിയുടെ രക്ഷാധികാരികൂടിയാണ്.


മറ്റാരെയും ആശ്രയിക്കാതെ സ്വന്തം വഴികൾ വെട്ടിത്തെളിക്കണമെന്ന് ഡോ.ഇബ്രാഹിം ഹാജി എപ്പോഴും പറയാറുണ്ട്. കഠിനാധ്വാനമാണ് വിജയം കൊണ്ടുവരിക. ഇതിന് പകരമായി മറ്റൊന്നുമില്ല. നിങ്ങൾ വിശ്വാസ്യത നേടണം. അത് ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ വിശ്വാസ്യത വാമൊഴിയായി പ്രചരിക്കും. അതാണ് ബിസിനസ്സിലെ ഏറ്റവും വലിയ നിക്ഷേപം. ഡോ.പി.എ.ഇബ്രാഹിം ഹാജിയുടെ വാക്കുകള്‍ മാത്രമല്ല, പ്രവർത്തനങ്ങളും ജീവിതരീതിയും മറ്റുള്ളവർ പാഠമാക്കേണ്ടതുണ്ട്.


മസ്തിഷ്കാഘാതത്തെ തുടർന്ന് ഇൗ മാസം 11ന് ദുബായ് ഹെൽത്ത് കെയർ സിറ്റിയിലെ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ തിങ്കളാഴ്ച രാത്രി എയർ ആംബുലൻസിൽ കൊണ്ടുപോയി കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ  ആശുപത്രിയിലാണ് മരണം.

Post a Comment

0 Comments