പുതിയ വാഹനം വെറും 6 കിലോമീറ്റർ മാത്രം ഓടിയപ്പോൾ കേടായി; ഓല സ്കൂട്ടറിനെതിരെ പരാതി പ്രളയം

LATEST UPDATES

6/recent/ticker-posts

പുതിയ വാഹനം വെറും 6 കിലോമീറ്റർ മാത്രം ഓടിയപ്പോൾ കേടായി; ഓല സ്കൂട്ടറിനെതിരെ പരാതി പ്രളയം

 



ഓല സ്കൂട്ടറിനെതിരെ പരാതിയുമായി ഉപഭോക്താക്കൾ. വാഗ്ദാനം ചെയ്ത റേഞ്ച് ലഭിക്കുന്നില്ലെന്ന് ഒരാൾ പരാതി പറഞ്ഞപ്പോൾ, ലഭിച്ച വാഹനത്തിന്റെ നിർമാണ നിലവാരത്തിലെ പാളിച്ചകളാണ് ചിത്രം സഹിതം ചിലർ ട്വിറ്ററിൽ പോസ്റ്റ് െചയ്തത്. പുതിയ വാഹനം വെറും 6 കിലോമീറ്റർ മാത്രം ഓടിയപ്പോൾ കേടായി, ചാർജ് ആകുന്നില്ല തുടങ്ങി നിരവധി പരാതികൾ ആളുകൾ ഉന്നയിച്ചിട്ടുണ്ട്.


ഈ മാസം പകുതിയോടെയാണ് ഓല ഇലക്ട്രിക്കിന്റെ എസ് വൺ, എസ് വൺ പ്രോ വൈദ്യുത സ്കൂട്ടറുകൾ ഉപയോക്താക്കൾക്കു കൈമാറി തുടങ്ങിയത്. പല പ്രാവശ്യം പ്രഖ്യാപിക്കുകയും അവസാന നിമിഷം മാറ്റിവയ്ക്കുകയും ചെയ്ത ശേഷമാണ് ഓല സ്കൂട്ടറുകളുടെ ഡെലിവറിക്കു തുടക്കമായത്.


എന്നാൽ മൊബൈൽ ആപ്, വോയിസ് കമാൻഡ്, ക്രൂസ് കൺട്രോൾ, ഹിൽഹോൾഡ് അസിസ്റ്റ്, ബ്ലൂടൂത്ത് തുടങ്ങിയ ഫീച്ചറുകളില്ലാതെയാണ് സ്കൂട്ടറുകൾ കൈമാറിയത്. ഈ ഫീച്ചറുകൾ വാഹനത്തിൽ എനേബിൾ ചെയ്യാൻ വീണ്ടും ഒരു മാസം സമയം വേണമെന്നും ഓവർ ദ എയർ സോഫ്റ്റ്‌വയർ അപ്ഡേഷനിലൂടെ ഈ ഫീച്ചറുകൾ എത്തുമെന്നുമാണ് ഓല ഉപഭോക്താക്കളെ അറിയിച്ചത്.


ഓല ഇലക്ട്രിക്കിന്റെ ആദ്യ മോഡലുകളായ എസ് വണ്ണും എസ് വൺ പ്രോയും കഴിഞ്ഞ സ്വാതന്ത്യ്ര ദിനത്തിലാണ് അരങ്ങേറ്റം കുറിച്ചത്.  തുടർന്ന് സെപ്റ്റംബറിൽ സ്കൂട്ടറുകളുടെ വിൽപനയ്ക്കുള്ള നടപടികൾക്കും തുടക്കമായി. ഒക്ടോബർ 25ന് ടെസ്റ്റ് ഡ്രൈവും ഡെലിവറിയും ആരംഭിക്കുമെന്നായിരുന്നു ഓല ഇലക്ട്രിക്കിന്റെ ആദ്യ പ്രഖ്യാപനം; പിന്നീട് ഈ തീയതി നവംബർ 10ലേക്കു മാറ്റി. അന്നു രാജ്യത്തെ നാലു നഗരങ്ങളിൽ ഓല ഇലക്ട്രിക് പുതിയ എസ് വൺ, എസ് വൺ പ്രോ സ്കൂട്ടറുകൾ പരീക്ഷണ ഓട്ടത്തിനു ലഭ്യമാക്കുകയും ചെയ്തു. 


പക്ഷേ 499 രൂപ അഡ്വാൻസ് അടച്ചു കാത്തിരുന്നവർക്കു സ്കൂട്ടറിനു പകരം കമ്പനിയിൽ നിന്നുള്ള ഇ മെയിലായിരുന്നു ലഭിച്ചത്; ചിപ് സെറ്റുകൾക്കും ലിതിയം അയോൺ സെൽ അടക്കമുള്ള ഇലക്ട്രോണിക് ഘടകങ്ങൾക്കുമുള്ള കടുത്തക്ഷാമം മൂലം സ്കൂട്ടർ കൈമാറ്റം വൈകുമെന്നായിരുന്നു  വിശദീകരണം. എങ്കിലും സ്കൂട്ടർ ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് ‘എസ് വണ്ണി’ന്റെയും ‘എസ് വൺ പ്രോ’യുടെയും പ്രവർത്തന മികവ് സ്വയം വിലയിരുത്തി വാഹനം വാങ്ങാനുമുള്ള തുടർനടപടിയെന്ന നിലയിലായിരുന്നു  ഓല ടെസ്റ്റ് ഡ്രൈവുകൾക്കു തുടക്കമിട്ടത്. 


ഒറ്റ ചാർജിൽ 120 കിലോമീറ്റർ ഓടുമെന്ന കരുതുന്ന എസ് വണ്ണിന് 99,999 രൂപയും 180 കിലോമീറ്റർ സഞ്ചാര പരിധി(റേഞ്ച്)യുള്ള എസ് വൺ പ്രോയ്ക്ക് 1,29,999 രൂപയുമാണു വില(ഇതിൽ ഫെയിം ടു സബ്സിഡി  ഉൾപ്പെടും. സംസ്ഥാനാടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങൾ ഇതിനു പുറമെയാണ്). തമിഴ്നാട്ടിൽ സ്ഥാപിച്ച ഫ്യൂച്ചർ ഫാക്ടറിയിലാണ് ഓല വൈദ്യുത സ്കൂട്ടറുകൾ നിർമിക്കുന്നത്. അടുത്ത വർഷം ഇന്ത്യയ്ക്കു പുറമെ യൂറോപ്പിലും ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും ദക്ഷിണ പൂർവ ഏഷ്യൻ രാജ്യങ്ങളിലുമൊക്കെ ഈ വൈദ്യുത ഇരുചക്രവാഹനങ്ങൾ വിൽപനയ്ക്കെത്തിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. 

Post a Comment

0 Comments