എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സാങ്കേതിക സര്‍വലാശാല റിപ്പോര്‍ട്ട് തേടി

എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സാങ്കേതിക സര്‍വലാശാല റിപ്പോര്‍ട്ട് തേടി

 


ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സാങ്കേതിക സര്‍വലാശാല റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി എടുക്കുമെന്ന് പിവിസി ഡോ. അയൂബ് ട്വന്റിഫോറിനോട് പ്രതികരിച്ചു. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കെ എം സച്ചിന്‍ ദേവ് അറിയിച്ചു. സംഭവത്തില്‍ ചെറുതോണി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.


കഴുത്തില്‍ ആഴത്തിലാണ് ധീരജിന് കുത്തേറ്റത്. ഉടനെ ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ തളിപ്പറമ്പ് പാലക്കുളങ്ങര സ്വദേശിയാണ് കൊല്ലപ്പെട്ട ധീരജ്. സംഘര്‍ഷങ്ങളുടെയും കൊലപാതകത്തിന്റെയും പശ്ചാത്തലത്തില്‍ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.


അഭിജിത്ത് ടി. സുനില്‍, അമല്‍ എ എസ് എന്നീ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കുകൂടി സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി ആണ് അക്രമം നടത്തിയതെന്ന് സിപിഐഎം ആരോപിച്ചു.


ക്യാമ്പസിനകത്തെ കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിദ്യാര്‍ത്ഥിയെ കുത്തിയത് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.ധീരജിന്റെ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഭാഗമായുള്ള കോളജില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടെ പുറത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വിദ്യാര്‍ത്ഥികളെ കുത്തിയതെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പരുക്കേറ്റ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാണ്.

Post a Comment

0 Comments