യൂ ട്യൂബ് നോക്കി മോഷണം; മൂന്നിടത്ത് കവർച്ച, ഒടുവിൽ പിടിയിൽ

യൂ ട്യൂബ് നോക്കി മോഷണം; മൂന്നിടത്ത് കവർച്ച, ഒടുവിൽ പിടിയിൽ



മലപ്പുറം: യൂ ട്യൂബ് നോക്കി മോഷണം പഠിച്ച് അതൊരു തൊഴിലാക്കിയ പ്രതി പിടിയിൽ. വടക്കുംപ്പാടം കരിമ്പന്‍തൊടി കുഴിച്ചോല്‍ കോളനി സ്വദേശി കല്ലന്‍ വീട്ടില്‍ വിവാജൻ (36) ആണ് വണ്ടൂര്‍ പോലീസിന്റെ പിടിയിലായത്.


ഈ മാസം ഒന്നിന് വടക്കുംപ്പാടത്തെ വീടിന്റെ ജനല്‍ കമ്പി മുറിച്ച് അകത്ത് കടന്ന് രണ്ട് പവന്‍ സ്വര്‍ണവും 20,000 രൂപയും വിവാജൻ കവര്‍ന്നിരുന്നു. ഒരാഴ്‌ചക്കകം സമാന രീതിയില്‍ നടുവത്ത് ചെമ്മരത്തെ വീട്ടിലും മോഷണം നടന്നു. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്ത് ജനല്‍കമ്പി മുറിച്ച് അകത്ത് കയറിയ മോഷ്‌ടാവ്‌ അഞ്ച് പവന്‍ സ്വര്‍ണവും 2000 രൂപയുമാണ് കവര്‍ന്നത്. രണ്ടിടത്തും സമാനമായ മോഷണം നടന്നതോടെ പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. ഒടുവിൽ പ്രതി പിടിയിലാവുകയായിരുന്നു.


രണ്ടാമത്തെ മോഷണ ശേഷം നാട്ടില്‍ നിന്ന് ഒളിവില്‍ പോയ പ്രതി വിവാജനെ കുറിച്ച് പോലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വണ്ടൂര്‍ ടൗണില്‍ വച്ച് പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തു. രാത്രിയില്‍ എടവണ്ണയിലെ വീട്ടില്‍ നിന്നും ജോലിക്കെന്ന് പറഞ്ഞ് പുറത്തിറങ്ങുന്ന പ്രതി മോഷണം നടത്തിയശേഷം പുലര്‍ച്ചെയോടെ വീട്ടില്‍ തിരിച്ചെത്തുകയാണ് പതിവ്.


ഗുഡ്‌സ് ഓട്ടോയില്‍ പഴക്കച്ചവടം നടത്തുന്നതില്‍ വന്ന സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് മോഷണം നടത്തിയതെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. എങ്ങനെ വിദഗ്‌ധമായി മോഷണം നടത്താമെന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങള്‍ വഴി ശ്രദ്ധയില്‍ പെട്ടതോടെയാണ് ഈ രീതി തിരഞ്ഞെടുത്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പകല്‍ സമയത്ത് ഓട്ടോയില്‍ കറങ്ങിനടന്ന് ആളില്ലാത്ത വീടുകള്‍ നോക്കിവെക്കുകയും രാത്രിയില്‍ മോഷണം നടത്തുകയുമാണ് പതിവ്.


പ്രതിയെ അറസ്‌റ്റ് ചെയ്യാനായതോടെ മൂന്ന് വീടുകളില്‍ നടന്ന മോഷണ കേസുകള്‍ക്കാണ് തുമ്പുണ്ടായത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

Post a Comment

0 Comments