വാവ സുരേഷിന്റെ ആരോഗ്യനിലയിൽ അത്ഭുതകരമായ പുരോഗതി

LATEST UPDATES

6/recent/ticker-posts

വാവ സുരേഷിന്റെ ആരോഗ്യനിലയിൽ അത്ഭുതകരമായ പുരോഗതി


വാവ സുരേഷിന്റെ ആരോഗ്യനിലയിൽ അത്ഭുതകരമായ പുരോഗതി.  സുരേഷിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി. സുരേഷ് ബോധാവസ്ഥയിൽ തിരിച്ചെത്തി എന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘം മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. ഇന്നലെ രാത്രി മുതലാണ് അത്ഭുതകരമായ പുരോഗതി ഉണ്ടായത്. സുരേഷ് കണ്ണുതുറന്ന് ഡോക്ടർമാരുമായും ആരോഗ്യ പ്രവർത്തകരുമായും സംസാരിച്ചുവെന്നും മെഡിക്കൽ കോളജ് പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു.


എന്നാൽ അടുത്ത 48 മണിക്കൂർ ഐസിയുവിൽ തന്നെ തുടരും. ചില രോഗികൾക്ക് വെന്റിലേറ്റർ സഹായം വീണ്ടും ആവശ്യമായി വരുന്ന സാഹചര്യം ഉണ്ടാകാറുണ്ടെന്നും ഡോക്ടർമാർ മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. ഇതുകൂടി പരിഗണിച്ചാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ സുരേഷിനെ തുടർന്നും പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്.


ഹൃദയമിടിപ്പും രക്തസമ്മർദവുമടക്കം ശരീരത്തിന്റെ മറ്റ് പ്രവർത്തനങ്ങൾ സ്വാഭാവികമായി മുന്നോട്ടു പോകുന്നുണ്ട് എന്നും ഡോക്ടർമാരുടെ സംഘം വിലയിരുത്തുന്നു. വെന്റിലേറ്ററിൽ നിന്ന് മാറ്റിയ ശേഷമായിരിക്കും സ്കാനിങ് അടക്കമുള്ള തുടർനടപടികൾ ഉണ്ടാക്കുക.


കഴിഞ്ഞ ദിവസം രാത്രി സുരേഷിന്റെ ആരോഗ്യനില മോശമായിരുന്നു. ഇതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വിദഗ്ധസംഘം സുരേഷിന്റെ ആരോഗ്യനില വിശദീകരിച്ച് മാധ്യമങ്ങളെ കണ്ടു. രാത്രി മുതൽ സുരേഷിന്റെ ആരോഗ്യനില വഷളായിരുന്നു എന്ന് ഡോ: ടി.കെ. ജയകുമാർ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം രാവിലെയും അതേനിലയിലായിരുന്നു. അതിനു മുൻപുള്ള ദിവസങ്ങളെ പോലെ വിളിച്ചാൽ കാര്യമായി പ്രതികരിച്ചിരുന്നില്ല. എന്നാൽ ഉച്ചയോടെ വീണ്ടും പഴയ നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു എന്ന് ഡോ: ജയകുമാർ വിശദീകരിച്ചു.


ജനുവരി 31 തിങ്കളാഴ്ച വൈകിട്ട് 4.15നാണ് സുരേഷിനെ കോട്ടയം കുറിച്ചിയിൽ വച്ച് മൂർഖൻ പാമ്പ് കടിച്ചത്. പാമ്പിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ, വലതുകാലിലെ മുട്ടിനു മുകൾഭാഗത്ത് പാമ്പ് കടിക്കുകയായിരുന്നു. ഇഴഞ്ഞു പോയ പാമ്പിനെ പിടിച്ച്‌ സുരേഷ് ചാക്കിലേക്ക് കയറ്റി. തുടർന്ന് സുരേഷിനെ കാറിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ, നില ഗുരുതരമായതോടെ കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു.


ആദ്യം തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചാണ് സുരേഷിന് ചികിത്സ നൽകിയത്. മൂർഖൻ പാമ്പിന്റെ വിഷമായതിനാൽ, വേഗത്തിൽ തലച്ചോറിലേക്ക് എത്തുകയായിരുന്നു എന്നും ഡോക്ടർമാർ വിലയിരുത്തി.


കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ: ജയകുമാറിന്റെ നേതൃത്വത്തിൽ ആറംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് സുരേഷിനെ ചികിത്സിക്കുന്നത്. പാമ്പുകടിയേറ്റ ഉടൻ സ്വയം ചികിത്സ നൽകിയ ശേഷമാണ് സുരേഷ് ആശുപത്രിയിലേക്ക് പോകുന്നത്. കടിച്ച ഭാഗത്ത് നിന്നും രക്തം പുറത്തേക്ക് ഒഴുക്കി കളഞ്ഞിരുന്നു. സുരേഷിന്റെ ആരോഗ്യവിവരം തിരക്കി കോട്ടയം മെഡിക്കൽ കോളേജിലേക്ക് നിരവധിപേരാണ് ഫോൺ ചെയ്യുന്നത്.

Post a Comment

0 Comments