ആറ്റയില്‍ നിന്ന് കൊടപ്പനക്കലെ കാരണവരിലേക്ക്...

LATEST UPDATES

6/recent/ticker-posts

ആറ്റയില്‍ നിന്ന് കൊടപ്പനക്കലെ കാരണവരിലേക്ക്...

 

വലിയൊരു ജനസഞ്ചയത്തെ നയിക്കാന്‍ സ്വാധീനമുള്ള നേതാവ് എന്ന നിലയില്‍ ശ്രദ്ധേയമാവുമ്പോഴും മുഹമ്മദലി ശിഹാബ് തങ്ങളുടെ പ്രിയപ്പെട്ട ആറ്റയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കുടുംബാംഗങ്ങളും നാട്ടുകാര്‍ക്കും ഹൈദരലി തങ്ങള്‍ 'ആറ്റപ്പൂ' ആണ്. പ്രായമേറിയപ്പോള്‍ അത് 'ആറ്റാക്ക' ആയി. സഹായ അഭ്യര്‍ത്ഥനകളുടേയും തര്‍ക്ക പരിഹാരങ്ങളുടേയുമെല്ലാം വേദിയായ കൊടപ്പനക്കല്‍ തറവാട്ടില്‍ ഇതെല്ലാം കണ്ട് ദിവസേന ഒട്ടേറെ മനുഷ്യര്‍ക്കിടയിലാണ് ഹൈദരലി വളര്‍ന്നത്. അങ്ങനെയായിരുന്നു സ്വാധീനമുള്ള നേതാവ് എന്ന നിലയില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ അങ്ങനെ പാകപ്പെട്ടത്. പിന്നാലെ കേരള രാഷ്ട്രീയത്തെ തന്നെ നിയന്ത്രിക്കാന്‍ യുഡിഎഫ് എന്ന മുന്നണിയില്‍ തിരുമാനങ്ങള്‍ സ്വന്തം നിലയില്‍ പ്രഖ്യാപിക്കാന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ വളര്‍ന്നു. യുഡിഎഫിനെ പിടിച്ചുലച്ച അഞ്ചാം മന്ത്രി വിവാദത്തില്‍ ഈ സ്വാധീനം കേരളം നേരിട്ട് അറിയുകയും ചെയ്തു.


1947 ജൂണ്‍ 15ന് മുസ്ലീം ലീഗ് മുന്‍ ദേശീയ പ്രസിഡന്റ് പുതിയ മാളിയേക്കല്‍ പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടേയും ആയിശബീവിയുടെയും മൂന്നാമത്തെ മകനായാണ് ജനനം. ഹൈദര്‍ എന്ന അറബിപദത്തിനര്‍ഥം ധീരന്‍, സിംഹം എന്നൊക്കെയാണ്. അലി എന്നത് ഇസ്ലാമിക ചരിത്രത്തിലെ ധീരനായ നാലാം ഖലീഫയുടെ പേരും. ഉന്നതന്‍ എന്ന അര്‍ഥമാണ് അതിന് അറബിയില്‍. രണ്ടു വാക്കും ഒരുമിച്ചു ചേര്‍ന്നാല്‍ ഹൈദരലി എന്നായി. ഹൈദരലിക്ക് രണ്ട് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഹൈദറാബാദ് ആക്ഷന്റെ പേരില്‍ പിതാവ് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലാകുന്നത്. ഉമ്മ അയിശാ ബീവിയുടെ ക്ഷയരോഗം കലശലായിരുന്ന കാലം. കോയമ്പത്തൂരിലെ ഗാന്ധിപുരത്തായിരുന്നു ചികിത്സ. മഞ്ചേരി സബ്ജയിലില്‍ രണ്ടുദിവസവും കോഴിക്കോട് ജയിലില്‍ രണ്ടാഴ്ചയുമായി പിതാവ് പൂക്കോയ തങ്ങള്‍ കഴിഞ്ഞു. തൊട്ടടുത്ത വര്‍ഷം ഉമ്മ മരിച്ചു. പിന്നീട് ഹൈദരലി തങ്ങള്‍ മാതൃസ്നേഹം അറിയുന്നത് ഉപ്പയുടെ സഹോദരി മുത്തുബീവിയിലൂടെയാണ്. മക്കളില്ലാത്ത മുത്തുബീവി കൊടപ്പനക്കല്‍ തറവാട്ടിലായിരുന്നു താമസം.


പിതാവ് മരണപ്പെട്ടതോടെ രാഷ്ട്രീയ രംഗത്ത് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കും മതരംഗത്ത് ഉമറലി ശിഹാബ് തങ്ങള്‍ക്കും കൂടുതല്‍ ചുമതലകളുണ്ടായി. ജ്യേഷ്ഠന്‍മാരുടെ സഹായിയുടെ റോളായിരുന്നു ഹൈദരലിക്ക് ആദ്യം. തര്‍ക്കങ്ങളും സഹായ അഭ്യര്‍ത്ഥനകളും മുഹമ്മദലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ തീര്‍പ്പാക്കുമ്പോള്‍, ഇന്നത് തീര്‍പ്പാക്കി എന്ന് എഴുതിക്കൊടുത്തിരുന്നത് ഹൈദരലി തങ്ങളായിരുന്നു. അങ്ങനെയൊരു രീതി ഇപ്പോഴും കൊടപ്പനക്കല്‍ തറവാട്ടിലുണ്ട്. തീര്‍പ്പാക്കുന്ന വിഷയങ്ങള്‍ കക്ഷികളുടെ സാന്നിധ്യത്തിലാണ് എഴുതി വെയ്ക്കുക.

നാട്ടിലെ പ്രാഥമിക പഠനത്തിനു ശേഷം കോഴിക്കോട്ട് ഹൈസ്‌കൂള്‍ പഠനം. കോഴിക്കോട് മദ്റസത്തുല്‍ മുഹമ്മദിയയില്‍ നിന്നും എസ്എസ്എല്‍സി പാസായി. മലപ്പുറം ജില്ലയിലെ തിരുന്നാവായക്കടുത്ത കോന്നല്ലൂര്‍, പൊന്നാനി മഊനത്ത് അറബിക് കോളജ് എന്നിവിടങ്ങളില്‍ നിന്നും മതവിദ്യാഭ്യാസം. പ്രശസ്ത പണ്ഡിതന്‍ കുഞ്ഞാലന്‍ മുസ്ലിയാര്‍ കാട്ടിപ്പരുത്തിയായിരുന്നു ഗുരു. പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജില്‍ ഉപരിപഠനം. വിദേശത്ത് ഉപരിപഠനം നടത്താന്‍ വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും ചുമതലകള്‍ കാരണം ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു.


1974ല്‍ തങ്ങള്‍ ഫൈസി ബിരുദ ധാരിയായി. സൂഫിവര്യനായ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരില്‍ നിന്നാണ് സനദ് വാങ്ങിയത്. 1977ല്‍ മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂര്‍ മഹല്ല് പള്ളി മദ്റസയുടെ പ്രസിഡന്റായി. 1979ല്‍ മലപ്പുറം ജില്ലയിലെ തന്നെ കരുവാരക്കുണ്ട് ദാറുന്നജാത്ത് അഗതി മന്ദിരത്തിന്റെ പ്രസിഡന്റായി. യതീംഖാനകളില്‍ ആദ്യത്തേത് ഇതാണ്. 1994ലാണ് ഹൈദരലി തങ്ങള്‍ ആദ്യമായി ഖാളിയാകുന്നത്, കൊണ്ടോട്ടി നെടിയിരുപ്പ് പഞ്ചായത്തിലെ പോത്തുവെട്ടിപ്പാറ മഹല്ലിന്റെ. പിന്നീട് സമുദായത്തിന്റേയും സംഘടനയുടേയും ഉത്തരവാദിത്തങ്ങള്‍ ഒന്നൊന്നായി വന്നു ചേര്‍ന്നു. മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി തങ്ങളുമടക്കമുള്ളവര്‍ വിട പറഞ്ഞതോടെ ചുമതലകള്‍ കൂടി.

തിരക്കേറിയതായിരുന്നു ഹൈദരലി തങ്ങളുടെ ഓരോ ദിനങ്ങളും. നൂറുകണക്കിന് ആളുകളാണ് ദിവസേന കൊടപ്പനക്കല്‍ തറവാട്ടിലെത്തുക. ചൊവ്വാഴ്ച്ചകളില്‍ വീട്ടില്‍ തന്നെയുണ്ടാകും. മറ്റ് മിക്ക ദിവസങ്ങളിലും വിവിധയിടങ്ങളില്‍ പരിപാടിയുണ്ടാകും. യാത്രക്കിടയിലാണ് വായിക്കാനുള്ള സമയം കണ്ടെത്തിയിരുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ ഇമാം ഗസ്സാലി എഴുതിയ 'ഇഹ്യാ ഉലൂമുദ്ദീനും' മൈക്കല്‍ എച്ച് ഹാര്‍ട്ടിന്റെ 'ദ ഹണ്‍ഡ്രഡു'മാണ്. ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച ഒരു വ്യക്തി കണ്ണിയത്ത് അഹ്മദ് മുസ്ലിയാരാണെന്ന് തങ്ങള്‍ പറയും. ജീവിതത്തിന്റെ സൂക്ഷ്മതവും സത്യസന്ധതയും വിനയവുമാണ് ഹൈദരലി തങ്ങളെ അത്ഭുതപ്പെടുത്തിയതും ആകര്‍ഷിച്ചതും. ജീവിതത്തില്‍ ഏറ്റവും ദു:ഖമുണ്ടാക്കിയ രണ്ടു സന്ദര്‍ഭങ്ങള്‍ പിതാവിന്റെ മരണവും കടലുണ്ടി ട്രെയിന്‍ ദുരന്തവുമാണ്. എന്നും ഓര്‍മ്മിക്കുന്ന യാത്ര ഒന്‍പതാം വയസില്‍, കോഴിക്കോട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളോടൊപ്പം വയനാട്ടിലേക്ക് പോയതാണ്. കക്കോടന്‍ മൂസ ഹാജിയുടെ വീട്ടിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു അത്. പിതാവാണ് ബാഫഖി തങ്ങളോടൊപ്പം പോകാന്‍ പറഞ്ഞത്. ആദ്യമായി ചുരം കണ്ടു. മുകളിലെവിടെയോ എത്തിയപ്പോള്‍ ബാഫഖി തങ്ങള്‍ ചുരത്തെക്കുറിച്ച് പറഞ്ഞു കൊടുത്തു. ബാഫഖി തങ്ങള്‍ക്ക് പത്രം വായിച്ചുകൊടുത്തതും യാത്രക്കിടയിലെ റേഡിയോയുടെ ശബ്ദവുമെല്ലാം വിവരിക്കുമ്പോള്‍ ഹൈദരലി തങ്ങള്‍ ഒമ്പതുവയസുകാരനാകുമായിരുന്നു.

Post a Comment

0 Comments